കേരളം

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ സംയോജിപ്പിക്കില്ല; ആശങ്കകള്‍ അടിസ്ഥാനരഹിതം: വിദ്യാഭ്യാസമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ സംയോജിപ്പിക്കും എന്ന തരത്തിലുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്‌കൂള്‍ അധ്യാപകര്‍ ഹൈസ്‌കൂളിലും തന്നെയായിരിക്കും തുടര്‍ന്നും പഠിപ്പിക്കുക. അധ്യാപനത്തിന്റെ കാര്യത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക, അനധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടാമത്തെ ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുമായി സംഘടനാ പ്രതിനിധികള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. സ്‌കൂള്‍ മാനേജര്‍മാരുമായും വിദ്യാര്‍ഥികളുമായും യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യും. സംഘടനകളുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശം ബുധനാഴ്ച മന്ത്രിസഭയില്‍ സമര്‍പ്പിക്കുകയും തുടര്‍ന്ന് മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി മലയാളം മീഡിയത്തിലാക്കി മാറ്റുന്നു എന്ന ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. ഇംഗ്ലീഷ് മീഡിയമാണ് ഹയര്‍സെക്കന്‍ഡറിയുടേത്. ഇംഗ്ലീഷ് പാഠപുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുക. വിഷയം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതിനായി മലയാളത്തിലുള്ള ടെക്സ്റ്റ് ബുക്കുകള്‍ കൂടി വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആറ് നിര്‍ദേശങ്ങളാണ് സംഘടനകളുടെ മുന്നില്‍ വെച്ചത്:

നിലവിലുള്ള ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങള്‍ അതുപോലെതന്നെ നിലനില്‍ക്കും. ഭരണപരമായ മേന്‍മയിലൂടെ അക്കാദമിക് മകവ് കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്കായി ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ (ഡിജിഇ) എന്ന ഒരു പുതിയ തസ്തിക സൃഷ്ടിച്ച് എല്ലാ സ്‌കൂളുകളെയും ഇതിനു കീഴില്‍ കൊണ്ടുവരിക.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൊതുവായ ഒരു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കുക. ഡജിഇ ആയിരിക്കും ഈ പരീക്ഷാ കമ്മീഷണര്‍.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് പൊതുവായ ഓഫീസ് ആക്കി മാറ്റുക. നിലവില്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഓഫീസ് ഇല്ലാത്ത അവസ്ഥ പരിഹരിക്കുകയാണ് ഇതിന്റെ ഉദ്ദേശം.

ഹയര്‍ സെക്കന്‍ഡറിയും ഹൈസ്‌കൂളും ഉള്ള സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന് സ്‌കൂളിന്റെ മുഴുവന്‍ ചുമതല നല്‍കുക. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ പദവി വൈസ് പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റും. പ്രിന്‍സിപ്പലിന്റെ അക്കാദമിക് ജോലി ഭാരം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ജില്ലാതലത്തില്‍ ഡിഡി, ആര്‍ഡിഡി, എഡി, ഡിഇഒ, എഇഒ സംവിധാനങ്ങള്‍ ഇപ്പോള്‍ ഉള്ളതുപോലെ നിലനിര്‍ത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍