കേരളം

സൗമിനി മുന്‍ ധാരണ ലംഘിച്ചു ; മേയറെ അടക്കം മാറ്റി പുതിയ ഭരണസമിതിയെ അവരോധിക്കണം ; കൊച്ചി മേയര്‍ക്കെതിരെ പരസ്യകലാപവുമായി വനിതാകൗണ്‍സിലര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ കോണ്‍ഗ്രസില്‍ കലാപം. കോര്‍പ്പറേഷനിലെ ആറ് വനിതാ കൗണ്‍സിലര്‍മാര്‍ സൗമിനിയെ മേയര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് വാര്‍ത്താസമ്മേളനം നടത്തി ആവശ്യപ്പെട്ടു. മേയര്‍ മാറ്റത്തില്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി, അന്തിമതീരുമാനമെടുക്കാനുള്ള ചുമതല മുല്ലപ്പള്ളി രാമചന്ദ്രനെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് വനിതാ കൗണ്‍സിലര്‍മാര്‍ പരസ്യമായി രംഗത്തുവന്നത്.

കോര്‍പ്പറേഷന്‍ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ വി കെ മിനിമോളുടെ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. മേയറെ ഉടന്‍ മാറ്റണം. മേയര്‍ രണ്ടര വര്‍ഷം കഴിയുമ്പോള്‍ മാറാമെന്ന് മുന്‍ധാരണയുണ്ടെന്ന് മിനിമോള്‍ പറഞ്ഞു. പാര്‍ലമെന്ററിപാര്‍ട്ടി മിനിട്ട്‌സില്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം സ്ഥാനമൊഴിയണമെന്ന ധാരണ സൗമിനി ലംഘിച്ചു. ആദ്യം സംസാരിച്ചപ്പോള്‍ മകളുടെ വിവാഹക്കാര്യം പറഞ്ഞ് സാവകാശം ചോദിച്ചു. ന്യായമായ കാര്യമെന്ന് വിചാരിച്ച് സമ്മതിച്ചു.

പിന്നീട് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്, പ്രളയം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, നിയമസഭ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് കാലാവധി നീട്ടിയെടുക്കുകയായിരുന്നു. മേയര്‍ക്കെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ അത് രാഷ്ട്രീയനീക്കമാണെന്ന് കണ്ട് തങ്ങള്‍ മേയറെ പിന്തുണച്ചു. അന്നും പാര്‍ട്ടിക്കകത്ത് മേയര്‍മാറ്റ വിഷയം സജീവമായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം ഒരു എതിര്‍പ്പുമില്ലാതെ എല്ലാവരും അനുസരിക്കുകയായിരുന്നു.

മേയറെ ഒറ്റപ്പെടുത്തി അപമാനിക്കുന്നു എന്ന തെറ്റിദ്ധരിപ്പിക്കുന്ന ആരോപണമാണ് ഇപ്പോള്‍ തിരിച്ച് ഉന്നയിക്കുന്നത്. ഇത് ശരിയല്ല. മേയര്‍ മാത്രമല്ല, എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും അടക്കം മാറി പുതിയ ഭരണസമിതി വരണമെന്നാണ് നേരത്തെ എടുത്തിട്ടുള്ള തീരുമാനം. ഈ തീരുമാനം എത്രയും വേഗം നടപ്പാക്കണം ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ ആകില്ലെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹനാന്‍, ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, ടി ജെ വിനോദ്, കെപി ധനപാലന്‍, എന്‍ വേണുഗോപാല്‍ തുടങ്ങി ജില്ലയിലെയും സംസ്ഥാനത്തെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗമാണ് തീരുമാനമെടുത്തത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മേയര്‍മാറ്റം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരെ കാണുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

നിലനില്‍പ്പിനായി പോരാടുന്ന പ്രാദേശിക പാര്‍ട്ടികള്‍

'സോളാര്‍ കമ്പനികള്‍ തെറ്റിദ്ധരിപ്പിച്ചതാണോ?, ശ്രീലേഖ മാഡത്തിന്റെ ബില്ലില്‍ ഒരു തെറ്റും ഇല്ല'; കെഎസ്ഇബി ഉദ്യോഗസ്ഥന്റെ കുറിപ്പ്

ലിവ് ഇന്‍ പങ്കാളിയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പരോള്‍ അനുവദിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

സമയം വൈകി; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഓടിക്കിതച്ചെത്തി ബിജെപി സ്ഥാനാര്‍ഥി; വീഡിയോ