കേരളം

ലൈംഗിക അധിക്ഷേപ പരാതി; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്  പി കെ നവാസിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാള്‍ക്കെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല. ഈ മാസം 2നാണ് ജെഎഫ്‌സിഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്. നേരത്തെ, നവാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. 

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ ഹരിത നേതാക്കള്‍ ഉയര്‍ത്തിയത്. വനിതാ കമ്മീഷന് മുന്നിലും നേതാക്കള്‍ പരാതി നല്‍കി. വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറുകയും തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷിച്ചത്. 

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ഹരിതാ നേതാക്കള്‍ ആരോപിച്ചിരുന്നു. ഹരിത നേതാക്കളുടെ പരാതി വിവാദമായതിന് പിന്നാലെ, മുസ്ലിം ലീഗ് ഇടപെട്ട് കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം