കേരളം

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും ; ഒഴുക്കി വിടുന്നത് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം ; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്


ഇടുക്കി : ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 11 ന് തുറക്കും. ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്ന് 100 ക്യുമക്‌സ് വരെ ജലം പുറത്തൊഴുക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിടുക.

100 ക്യുമക്സ് വരെ ജലം ഒഴുക്കും

ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത മുതല്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് ആയ 2398.86 അടി എത്തിയാല്‍ ചുവപ്പ് ജാഗ്രത പുറപ്പെടുവിക്കും. ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്.  മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും.

ഇടുക്കി അണക്കെട്ടിൽ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലം 4 - 6 മണിക്കൂറിനുള്ളിൽ കാലടി - ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയർന്നേക്കും. ഈ ജലനിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്.

തുറക്കുന്നത് അഞ്ചാം തവണ

ഇത് അഞ്ചാം തവണയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. ഇതിന് മുമ്പ് നാലു തവണ തുറന്നതില്‍, മൂന്നും ഒക്ടോബര്‍ മാസത്തിലാണ്.  1981 ഒക്ടോബര്‍ 29, 1992 ഒക്ടോബര്‍ 12, 2018 ഓഗസ്റ്റ് ഒന്‍പത്, 2018 ഒക്ടോബര്‍ ആറിനുമാണ് മുന്‍പ് ചെറുതോണി അണക്കെട്ട് തുറന്നത്. 

ആദ്യമെത്തുക ചെറുതോണി പുഴയിൽ

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേരും.

തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്ലാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും.

ആലുവാപ്പുഴയിലേക്ക്...

എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽ ചേരും. വൻതോതിൽ ജലപ്രവാഹമുണ്ടായാൽ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍