കേരളം

ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ മതനിരപേക്ഷ കക്ഷികളും ഒന്നിക്കണം: യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബിജെപിയെ പരാജയപ്പെടുത്താന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ  ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ മുന്നേറ്റത്തിന് ബിജെപി മതധ്രുവീകരണം ഉപയോഗിക്കുകയാണ്. ഇതിനെ ചെറുക്കാന്‍ വിശാല മതേതര സഖ്യം ഉണ്ടാകണം. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതനിരപേക്ഷ സമീപനം വേണമെന്നും യെച്ചൂരി പറഞ്ഞു. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്തല്‍ സാധ്യമാകൂ. വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയില്‍ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തേണ്ടത്. സമൂഹത്തില്‍ അവര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളെയും ചെറുക്കണം. ബിജെപിയുടെ നയങ്ങള്‍ക്ക് ബദല്‍ സോഷ്യലിസമാണെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ അവകാശങ്ങള്‍ അടക്കം ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും അട്ടിമറിക്കുകയാണ്. മൗലിക അവകാശങ്ങളിലേക്കു പോലും കടന്നുകയറുന്നു. മോദിയുടെ ഏകാധിപത്യത്തില്‍ വര്‍ഗീയ കോര്‍പ്പറേറ്റ് സഹകരണമാണ് രാജ്യത്ത് നടക്കുന്നത്. കോവിഡ് മഹാമാരിയെ ബിജെപി സര്‍ക്കാര്‍ നേരിട്ടത് നാം കണ്ടതാണ്. നിരവധി ശവശരീരങ്ങളാണ് ഗംഗയില്‍ ഒഴുകി നടന്നത്. അതേസമയം മഹാമാരിയില്‍ ജനങ്ങളെ എങ്ങനെ സംരക്ഷിക്കണം എന്നതിന് കേരളം ലോകത്തിനു തന്നെ മാതൃകയായി. അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങള്‍പോലും പരാജയപ്പെട്ടിടത്താണ് കേരളം മാതൃകയായത്. 

യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് കാരണക്കാര്‍ അമേരിക്കയാണ്. നാറ്റോ വിപുലീകരിക്കാനുള്ള ശ്രമമാണ് യുദ്ധത്തിലേക്ക് നയിച്ചത്. നാറ്റോ വിപുലീകരണം സാമ്രാജ്യത്വ ഇടപെടല്‍ ലക്ഷ്യമിട്ടുകൊണ്ടാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യ. ക്വാഡ് സഖ്യത്തില്‍നിന്ന് ഇന്ത്യ പിന്‍മാറണം. അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈനയായതുകൊണ്ട്, ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. 

കണ്ണൂര്‍ ബര്‍ണശേരി ഇ കെ നായനാര്‍ അക്കാദമിയിലെ നായനാര്‍ നഗറില്‍ മുതിര്‍ന്ന പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. 17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.കേരളത്തില്‍നിന്നാണ് കൂടുതല്‍പേര്‍. 178 പ്രതിനിധികള്‍. പശ്ചിമബംഗാളില്‍നിന്ന് 163 പേരും ത്രിപുരയില്‍നിന്ന് 42 പേരുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍