കേരളം

ഭക്ഷണവും വെള്ളവും എത്തിക്കാനായില്ല, ഹെലികോപ്റ്റര്‍ രക്ഷാശ്രമം വിഫലം; യുവാവ് മലയില്‍ കുടുങ്ങിയിട്ട് 26 മണിക്കൂര്‍ പിന്നിട്ടു, അനിശ്ചിതത്വം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ ഇന്നലെ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ അനിശ്ചിതത്വം. പാലക്കാട് ജില്ലാ കലക്ടറുടെ അഭ്യര്‍ഥന മാനിച്ച് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററിന് സംഭവസ്ഥലത്ത് ഇറങ്ങാനായില്ല. സ്ഥലത്ത് നിരീക്ഷണം നടത്തിയ ശേഷം രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഹെലികോപ്റ്റര്‍ മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മലയുടെ മുകളില്‍ നിന്ന് യുവാവിനെ താഴെയിറക്കാന്‍ എന്‍ഡിആര്‍എഫ് തീവ്രശ്രമം നടത്തുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് മലയില്‍ കുടുങ്ങിയ യുവാവ് പുറത്തുകടക്കാന്‍ കഴിയാതെ അവിടെ തുടരാന്‍ തുടങ്ങിയിട്ട് 26 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. വെള്ളവും ഭക്ഷണവും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പാലക്കാട് കലക്ടര്‍ അറിയിച്ചത്. 

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെ പോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു. 

താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു. ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു. അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്‌നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.

കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ ബാബു അകപ്പെട്ട സ്ഥലം കണ്ടെത്തി. എന്നാല്‍, രാത്രിയായിട്ടും രക്ഷാസംഘത്തിന് മുകളിലെത്തി ബാബുവിനെ താഴെയിറക്കാന്‍ സാധിച്ചിട്ടില്ല. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തതും വെളിച്ചക്കുറവും പ്രതിസന്ധിയാണ്.

രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ദുര്‍ഘടമായതിനാല്‍ ബാബുവിനെ രക്ഷിക്കാനായില്ല. മലയുടെ കീഴില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും പൊലീസും നാട്ടുകാരും കാത്തുനില്‍ക്കുകയാണ്.

ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തകര്‍ മലയിലേക്ക് പോയെങ്കിലും ബാബുവിന്റെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. കാലുകളില്‍ മുറിവും പേശീവേദനയുമായി യുവാവ് ഇപ്പോഴും മലയിടുക്കില്‍ കഴിയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു