കേരളം

വൈകും തോറും ചെലവ് കൂടും; സില്‍വര്‍ ലൈന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയിലൂടെ പ്രതിപക്ഷം തുറന്നു കാട്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയ ചര്‍ച്ച ഇത്രയ്ക്കും ഗുണം ചെയ്യുമെന്ന് കരുതിയില്ല. പദ്ധതി ഇല്ലാതാക്കാമെന്നാണ് ചിലരുടെ മനോനില. ഏതു വിധേനയും പദ്ധതി ഇല്ലാതാക്കണമെന്നാണ് പ്രതിപക്ഷ ലക്ഷ്യം. പൗരപ്രമുഖരുമായി സംവദിച്ചത് തെറ്റായി വ്യാഖ്യാനിക്കുന്നു. സര്‍ക്കാര്‍ പറയുന്നത് കേട്ട് പൊടിയും തട്ടിപ്പോകുന്നവരല്ല ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും, നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

ഈ പദ്ധതിയെക്കുറിച്ച് ഒരു ആശങ്കയുമില്ല. എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കണമെന്ന വികാരമാണ് പൊതുവേയുള്ളത്. വൈകുംതോറും പദ്ധതിയുടെ ചെലവ് കൂടും. ഒന്നും പറയാനില്ലാതെ പാപ്പരായ അവസ്ഥയിലാണ് പ്രതിപക്ഷം. ഏതു കാലം തൊട്ടാണ് നിങ്ങള്‍ക്ക് പദ്ധതിയോട് വിയോജിപ്പ് ഉണ്ടായത്?. ഏതു ഘട്ടത്തിലാണിതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.  

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫിന് സ്വന്തം അണികളെപ്പോലും വിശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ സമരത്തിനെതിരെ പൊലീസ് അതിക്രമം ഉണ്ടായിട്ടില്ല. എല്ലായിടത്തും ശാന്തമായാണ് പൊലീസ് സമരത്തെ നേരിട്ടത്. സമരക്കാര്‍ നാശനഷ്ടം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന് അടിയന്തര പ്രമേയ അവതാരകനും പ്രതിപക്ഷ നേതാവും പറഞ്ഞു. എന്നു മുതലാണ് കേരളത്തിലെ സാമ്പത്തിക സ്ഥിതി പരിതാപകരമായതെന്ന് ഓര്‍ക്കണമെന്ന്, യുഡിഎഫിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു. 

കെ റെയില്‍ പദ്ധതി ഇന്ത്യന്‍ റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ്. ഇത്തരമൊരു ബൃഹദ് പദ്ധതി നടപ്പാക്കാന്‍ പണം റവന്യൂ വരുമാനത്തില്‍ നിന്നും കണ്ടെത്താന്‍ പ്രയാസമാണ്. ഒരിടത്തും ഇത് സാധാരണ ഗതിയില്‍ കഴിയില്ല. ഇത്തരം പദ്ധതി നടപ്പാക്കാന്‍ വായ്പയെടുക്കുന്നത് സ്വാഭാവിക രീതിയാണ്. ഇതില്‍ അസ്വാഭാവികതയൊന്നുമില്ല. നേരിട്ടുള്ള കടമെടുപ്പല്ല, സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ വഴിയാണ് കടമെടുക്കുന്നത്. ഇതിനുള്ള ഗാരണ്ടിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്റെ തിരിച്ചടവിന് 40 വര്‍ഷം വരെ സമയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

40 വര്‍ഷത്തിനിടെ സമ്പദ്ഘടന വന്‍തോതില്‍ വികസിക്കും. കടക്കെണി വാദം ഉയര്‍ത്തുന്നത് വികസന മുന്നേറ്റത്തിന് തുരങ്കം വെയ്ക്കാനാണ്. കടമെടുപ്പിനെതിരായ ആരോപണം അടിസ്ഥാനമില്ലാത്തതാണ്. ചെലവ് രണ്ടുലക്ഷം കോടിയാകുമെന്ന് പറയുന്നത് എതിര്‍ക്കാനാണ്. ചെലവ് 64,000 കോടി തന്നെയാണ്. കെ റെയില്‍ പദ്ധതി ഭാവിക്ക് ഉതകുന്നതാണ്, എതിര്‍ക്കേണ്ടതല്ല. സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി മുറിക്കുമെന്നത് വസ്തുതാവിരുദ്ധമാണ്. രണ്ടാക്കും വിധം മതിലുകളുയരില്ല. 500 മീറ്റര്‍ ഇടവിട്ട് മേല്‍പ്പാലമോ അടിപ്പാതയോ ഉണ്ടാകും. ശരിയായ നഷ്ടപരിഹാരം നല്‍കും. പദ്ധതി പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സില്‍വര്‍ലൈന്‍ പശ്ചിമഘട്ടത്തെ തകര്‍ക്കുമെന്ന് പറയുന്നത് ശരിയല്ല. പാറമടകള്‍ ഏറെയും പശ്ചിമഘട്ടത്തിന് പുറത്താണ്. വിഭവങ്ങള്‍ ലഭിക്കില്ലെന്ന് പറയുന്നത് ശരിയല്ല. വനമേഖലയിലൂടെ പദ്ധതി കടന്നുപോകുന്നില്ല. നെല്‍വയലുകള്‍ക്കോ ദേശാടനപ്പക്ഷികള്‍ക്കോ കുഴപ്പമുണ്ടാകുന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതി വന്നാല്‍ 2.8 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകും. എല്ലാവരും യോജിക്കണം. എതിര്‍പ്പുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിശോധിക്കും. റെയില്‍വേ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ മികച്ച രൂപമാണ് ഉപയോഗിക്കുക. സില്‍വര്‍ ലൈനിനെതിരായ നീക്കം നാടിനെതിരായ നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സില്‍വര്‍ ലൈന്‍ വരേണ്യ വര്‍ഗത്തിനു വേണ്ടി : വി ഡി സതീശന്‍

സില്‍വര്‍ ലൈന്‍ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയാണെന്നും പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയിൽ  ആരോപിച്ചു.വരേണ്യ വര്‍ഗത്തിനു വേണ്ടിയാണ് പദ്ധതി. കെഎസ്ആര്‍ടിസിയെ സ്വാഭാവികമരണത്തിന് വിട്ടുകൊണ്ടാണ് സില്‍വര്‍ലൈന്‍ വരുന്നത്. മറ്റ് പൊതുഗതാഗത സംവിധാനങ്ങളെ വിഴുങ്ങുന്നതാണ് സില്‍വര്‍ലൈന്‍. ചെലവ് രണ്ടുലക്ഷം കോടി കടക്കുമെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ട. കുട്ടികള്‍ക്ക് പാലും മുട്ടയും പോലും കൊടുക്കാനാകാത്ത സര്‍ക്കാരാണിതെന്നും വി ഡി സതീശൻ  പറഞ്ഞു.

മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതല്ല ഡിപിആര്‍ എംബാഗ്മെന്റ് കണക്ക്. പദ്ധതി ലാഭകരമെന്ന് വരുത്തിത്തീര്‍ക്കാന്‍ കണക്കുകളില്‍ കൃത്രിമം നടത്തുന്നു. പദ്ധതി മൂലമുള്ള  കടം കേരളത്തിന് താങ്ങാനാകില്ല. ഇരകളാകുന്നത് കേരളം മുഴുവനാണ്. എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ഏകാധിപതികളാണ്. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്. കേരളത്തെ ബനാന റിപ്പബ്ലിക് ആക്കാന്‍ അനുവദിക്കില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം നിയമസഭയിൽ നിന്നും വാക്കൗട്ട് നടത്തി. ഇതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന