കേരളം

അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ നിന്ന് മറ്റു സ്‌കൂളുകളില്‍ ചേരാന്‍ ടിസി നിര്‍ബന്ധമില്ല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ ഒന്നു മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് അംഗീകാരമുള്ള സ്‌കൂളുകളില്‍ ചേരാന്‍ ടിസിയുടെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇത്തരം സ്‌കൂളുകളില്‍ നിന്ന് ടിസി ലഭിക്കാത്ത സാഹചര്യം ഉണ്ടെങ്കില്‍, രണ്ടു മുതല്‍ 8 വരെ ക്ലാസ്സുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും 9,10 ക്ലാസ്സുകളില്‍ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭിക്കും. 

അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി എന്‍ജിഒകള്‍ നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് തുക വിതരണം ചെയ്യുന്നതിന് സ്‌കൂളുകളെ ഗ്രേഡിംഗ് നടത്തി തെരഞ്ഞെടുക്കുന്നതിന് സമഗ്ര മാനദണ്ഡ രേഖ സര്‍ക്കാര്‍ പുറത്തിറക്കി. മാനദണ്ഡങ്ങള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ സ്‌കൂളുകളുടെ സംഘടനയും മാനേജ്‌മെന്റുകളും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (അക്കാദമിക്) ചെയര്‍മാനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയത്. 

സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ആദ്യ ഘട്ടത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഈ പരിശോധന കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തലത്തിലും പരിശോധനകള്‍ ഉണ്ടാകും. ഈ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഗ്രേഡിംഗ് അന്തിമമായിരിക്കുന്നത്. 

ധനസഹായ വിതരണത്തിന് സ്‌കൂളുകള്‍ക്ക് പ്രയോജനമാകുന്ന തരത്തില്‍ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തി ജൂണ്‍ മാസം എല്ലാ പൊതുവിദ്യാലയങ്ങളിലും ആറാമത്തെ പ്രവൃത്തി ദിവസം കുട്ടികളുടെ എണ്ണമെടുക്കുന്നത് പോലെ ജൂണ്‍ 15 ന് മുമ്പായി പാക്കേജിനുള്ള അപേക്ഷ ക്ഷണിക്കും. ജൂലൈ ആദ്യ വാരത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തും. വിശദമായ റിപ്പോര്‍ട്ട് ജൂലൈ 31നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. സൂക്ഷ്മ പരിശോധന നടത്തി ആഗസ്റ്റ് 15 ന് ഇത് സര്‍ക്കാരിന് സമര്‍പ്പിക്കണം. ആഗസ്റ്റ് 31 നകം തന്നെ സര്‍ക്കാര്‍ തലത്തില്‍ പരിശോധന നടത്തി സെപ്റ്റംബര്‍ രണ്ടാം വാരത്തിനകം ഗ്രാന്റ്-ഇന്‍-എയിഡ് കമ്മിറ്റി യോഗം ചേരും.

സെപ്റ്റംബര്‍ മാസം അവസാനത്തോടുകൂടി ആവശ്യമായ തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കും. സ്റ്റാഫിന് 5 മാസത്തേക്കുള്ള ഓണറേറിയം വിതരണം ചെയ്യും. ബാക്കി ഘടകങ്ങള്‍ക്ക് വരുന്ന തുക ഗഡുക്കളായി തിരിച്ച് ഒന്നാം ഗഡു ഇതോടൊപ്പം തന്നെ അനുവദിക്കും. ഓരോ അക്കാദമിക് വര്‍ഷം ആരംഭിക്കുമ്പോഴും ആവശ്യമായ പരിശോധന പൂര്‍ത്തിയാക്കി പാക്കേജിന്റെ ആദ്യ ഗഡു സെപ്തംറ്റര്‍ മാസം അവസാനത്തിന് മുമ്പായി റിലീസ് ചെയ്തു നല്‍കാന്‍ കഴിയുന്ന വിധത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തും. ആദ്യ ഗഡുവായി അനുവദിക്കുന്ന തുക പൂര്‍ണ്ണമായി ചെലവഴിച്ച് അതിന്റെ വിനിയോഗ സാക്ഷ്യപത്രം നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന് മാത്രമേ അടുത്ത ഗഡു അനുവദിക്കൂ. മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സ്‌കൂളുകളെ എ,ബി,സി,ഡി ഗ്രേഡുകളായി  തിരിച്ച് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും. സ്‌പെഷ്യല്‍ പാക്കേജ് വിതരണം കാര്യക്ഷമമാകാനും സുതാര്യമാകാനും സമ്പൂര്‍ണ്ണ മാനദണ്ഡ രേഖ ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍