കേരളം

വീണക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കല്‍; 'മുഖ്യമന്ത്രി സൂര്യനെപ്പോലെ'യില്‍ വ്യക്തിപൂജയില്ല: എംവി ഗോവിന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നു. അന്വേഷണം നടക്കട്ടെ. നാലുമാസം കഴിയുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് വരുമല്ലോ. അന്വേഷണത്തില്‍ സിപിഎം പ്രതിക്കൂട്ടിലാകില്ല. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ബേജാറൊന്നുമില്ല. ഞങ്ങള്‍ക്കില്ലാത്ത ബേജാറ് നിങ്ങള്‍ക്കെന്തിനാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് ചോദിച്ചു. 

പിണറായി വിജയന്റെ മകളുടെ കമ്പനി എന്ന നിലയിലാണ് എക്‌സാലോജിക്കിനെതിരെയുള്ള കേന്ദ്ര അന്വേഷണം. എക്സാലോജിക് സിപിഎമ്മിന് ബാധ്യതയല്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തില്‍ കോണ്‍ഗ്രസ്  അവസരവാദ നിലപാട് എടുക്കുന്നു. ഇഡി അന്വേഷണത്തില്‍ പോലും കോണ്‍ഗ്രസിന് ഇരട്ട നിലപാടാണ്. കോണ്‍ഗ്രസിന് എതിരായി വന്നാല്‍ജനാധിപത്യവിരുദ്ധമാണെന്ന് പറയും. കേന്ദ്ര ഏജന്‍സികളുടേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട നീക്കമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ ഇടതുപാര്‍ട്ടികളെയും ഇടതു സര്‍ക്കാരിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെയും വേട്ടയാടാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെ തൊടാന്‍ കഴിയുന്നില്ലല്ലോ എന്നു മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍, അതിനൊന്നും കഴിയില്ല, കാരണം അദ്ദേഹം സൂര്യനെപ്പോലെയാണ്, അടുത്തെത്താന്‍ കഴിയില്ല എന്നാണ് താന്‍ പറഞ്ഞത്. അതില്‍ വ്യക്തിപൂജയില്ല. അതില്‍ ഒരു തെറ്റുമില്ലെന്നാണ് താന്‍ ഇപ്പോഴും കരുതുന്നത്. 

ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. എല്ലാം മാറ്റത്തിന് വിധേയമാണ്. മാറ്റമില്ലാത്ത ഒന്ന്, അനുസ്യൂതമായ മാറ്റമല്ലാതെ മറ്റൊന്നുമല്ല. സാഹിത്യകാരന്‍മാര്‍ മാത്രമല്ല, കൃഷിക്കാരനോ ആദിവാസിയോ ആരു ക്രിയാത്മകമായി വിമര്‍ശനം ഉന്നയിച്ചാലും കാതുകൂര്‍പ്പിച്ച് കേള്‍ക്കുകയും, തിരുത്തേണ്ടത് തിരുത്തുകയും ചെയ്യുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വ്യക്തിപൂജയെ പാര്‍ട്ടി ഒരിക്കലും അനുകൂലിച്ചിട്ടില്ല, അനുകൂലിക്കുകയുമില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

എംടി വാസുദേവന്‍ നായരുടെ വിമര്‍ശനം 20 വര്‍ഷം മുമ്പത്തെ ലേഖനമാണ്. അപ്പോള്‍ ആരാണ് സംസ്ഥാനം ഭരിക്കുന്നത്?. എകെ ആന്റണിയാണ്. അങ്ങനെയെങ്കില്‍ അന്നത്തെ വിമര്‍ശം ആന്റണിക്കെതിരെയുമല്ലേയെന്ന് ഗോവിന്ദന്‍ ചോദിച്ചു. അന്നത്തെ വിമര്‍ശനം ആന്റണിക്കെതിരെയാണെന്ന് മാധ്യമങ്ങള്‍ക്ക് ഉറപ്പില്ല. എന്നാല്‍ ഇപ്പോഴത്തേത് പിണറായി വിജയനെതിരെയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. ഇത് വര്‍ഗപരമാണെന്ന് എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. 

അയോധ്യ വിഷയത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് പോലും ആദ്യഘട്ടത്തില്‍ സാധിച്ചില്ല. കേരളത്തിലാണ് മതനിരപേക്ഷ ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള മാനസിക അടിത്തറയുള്ളത്. ഇവിടെ പോലും ആദ്യഘട്ടത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാനായില്ല. ഇപ്പോഴും വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ മന്ത്രിമാരും നേതാക്കളും അടക്കം ചിലര്‍, രാമക്ഷേത്രത്തിലെ പരിപാടിക്ക് ക്ഷണിച്ചാലും ഇല്ലെങ്കിലും പോകുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. 

അയോധ്യ വിഷയത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ കൃത്യമായ നിലപാട് സ്വീകരിച്ചു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടതുപാര്‍ട്ടികള്‍ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടു വെച്ചുകൊണ്ടുതന്നെ, രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രം, 2025 ല്‍ പണി പൂര്‍ത്തിയാകുമെന്നു കരുതുന്ന ക്ഷേത്രം, 2024 തുടക്കം തന്നെ ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയമാണെന്നും, വിശ്വാസത്തെ രാഷ്ട്രീയമായി കൂട്ടിക്കലര്‍ത്തുന്ന സമീപനമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും