ലേഖനം

'മാരന്‍'- അരങ്ങിലെ വിസ്മയം

രഞ്ജിഷ് ഗോവിന്ദന്‍ 

കൊറോണക്കാലത്ത് നിശ്ചലമായ മനുഷ്യജീവിതം സാധാരണനിലയിലായി എന്നു പറയാറായിട്ടില്ല. പലവിധ നിയന്ത്രണങ്ങള്‍ക്കും അയവുവരുത്തിയെങ്കിലും ലോകത്തൊരിടത്തും നാടകവേദി ഇപ്പോഴും സജീവമായിട്ടില്ല. മനുഷ്യര്‍ കൂടിച്ചേരുന്നിയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പൊതു ഇടങ്ങളിലെ കലാ കൂട്ടായ്മകള്‍ ജീവസുറ്റതായിട്ടില്ല. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്‍നിരയിലാണുതാനും. കൊവിഡ് കാലത്ത് കേരളത്തില്‍ ഏറ്റവുമധികം ശാരീരിക-മാനസിക-സാമ്പത്തിക ദുരിതങ്ങളേറ്റുവാങ്ങിയതും ആ ദുരിതാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നതുമായ കര്‍മ്മമേഖലയാണ് അമച്ച്വര്‍- പ്രൊഫഷണല്‍ നാടകവേദി. ആറോ ഏഴോ മാസത്തെ രാത്രികളെ പകലുകളാക്കി അരങ്ങില്‍ ജീവിച്ച് ലഭിക്കുന്ന പ്രതിഫലംകൊണ്ട് 12 മാസം ജീവിതം കൂട്ടിമുട്ടിക്കേണ്ട അവസ്ഥയില്‍ കഴിഞ്ഞിരുന്ന നാടകത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് അരങ്ങിന്റെ വെളിച്ചം ഒരു സ്വപ്നം മാത്രമായിരിക്കുമെന്നു തിരിച്ചറിഞ്ഞവര്‍. തങ്ങള്‍ക്ക് ഒരു പരിചയവുമില്ലാത്ത തൊഴില്‍മേഖല തേടിപ്പോകുകയും കുടുംബം പോറ്റാന്‍ ആത്മാഭിമാനം പണയപ്പെടുത്തി തുച്ഛമായ വരുമാനത്തിലൂടെ കെട്ടുപോയ കുടുംബജീവിതത്തിനു പ്രകാശമേകാന്‍ ശ്രമിച്ച ദയനീയ കാഴ്ച മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞതാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കലയുടെ അതിജീവനത്തിന്റെ ലക്ഷണമെന്നോണം 'മാരന്‍' എന്ന നാടകം അരങ്ങിലെത്തുന്നത്. 

മനുഷ്യന്റെ നിത്യജീവിതത്തിനുവേണ്ട സര്‍വ്വ സാധനങ്ങളും പണംകൊടുത്തു വാങ്ങേണ്ടുന്ന അവസ്ഥയില്‍ പണംകൊടുത്തു വാങ്ങാന്‍ കഴിയാത്ത സര്‍ഗ്ഗശേഷിയും മനുഷ്യാദ്ധ്വാനവും ലക്ഷങ്ങളും മുടക്കി അരങ്ങിലെത്തിക്കുന്ന നാടകം മാത്രം സൗജന്യമായി പ്രേക്ഷകനു കാണണമെന്നു ശഠിക്കുന്ന അവസ്ഥ നിലനില്‍ക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് 1999-ല്‍ എറണാകുളത്ത് കേവലം 20 രൂപ പ്രവേശന ടിക്കറ്റുവെച്ച് ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം നാടകവേദി പ്രാബല്യത്തില്‍ കൊണ്ടുവന്ന വൈക്കം തിരുനാള്‍ നാടകവേദിയാണ് മാരന്‍ അരങ്ങിലെത്തിച്ചത്. 

1967-ല്‍ എം. ഗോവിന്ദന്‍, സി.എന്‍. ശ്രീകണ്ഠന്‍നായര്‍, ജി. ശങ്കരപ്പിള്ള, എം.വി. ദേവന്‍, കെ.എസ്. നാരായണപിള്ള, കെ. അയ്യപ്പപ്പണിക്കര്‍, ജി. അരവിന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ നാടകപരിശീലന കേന്ദ്രമായ നാടകക്കളരി പ്രസ്ഥാനത്തിന്റെ റെപ്പെര്‍ട്ടറിയായി 1978-ല്‍ വൈക്കം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച വൈക്കം തിരുനാള്‍ നാടകവേദി നൂതനങ്ങളായ നിരവധി പദ്ധതികള്‍ നടപ്പിലാക്കി. സ്ഥിരം നാടകവേദിയും ടിക്കറ്റുവെച്ച് നാടകം കളിക്കുന്ന കുട്ടികളുടെ സ്ഥിരം നാടകവേദിയും അതില്‍ പ്രധാനമാണ്. 1980-കളോടെ കേരളത്തിലെ പ്രസാധകര്‍ക്ക് നാടകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് താല്പര്യമില്ലാതായതോടെ നാടകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച നാടകഗ്രന്ഥശാല... നൂതനങ്ങളായ പ്രവര്‍ത്തനങ്ങളുടെ പട്ടിക വലുതാണ്.

മേല്‍ സൂചിപ്പിച്ച നാടക പ്രവര്‍ത്തനങ്ങളുടെയെല്ലാം അമരക്കാരനായി തനതു നാടകവേദിയില്‍ ശ്രദ്ധേയനായ, കഴിഞ്ഞ 50 വര്‍ഷമായി നാടകരംഗത്ത് പ്രതിഭകൊണ്ട് മാത്രമല്ല, സാഹസികതകൊണ്ടും ഇന്ത്യന്‍ നാടകവേദിയില്‍ സജീവ സാന്നിദ്ധ്യമായി കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുള്ള ജോണ്‍ ടി. വേക്കനാണ് മാരന്‍ സംവിധാനം ചെയ്തത്. മികച്ച നാടകകൃത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം, മികച്ച കഥ, തിരക്കഥ, ഷോര്‍ട്ട് ഫിലിം എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം, മികച്ച ഷോര്‍ട്ട്ഫിലിമിനുള്ള അന്തര്‍ദ്ദേശീയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുള്ള എസ്. ബിജിലാലാണ് മാരന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്.

ലോക നാടകദിനമായ മാര്‍ച്ച് 27-ന് മാരന്‍ എന്ന നാടകം എറണാകുളത്ത് അവതരിപ്പിച്ചത് കണ്ടു. അടുത്തിടെ മലയാള നാടകവേദിയില്‍ കണ്ട ഏറെ വ്യത്യസ്തവും പുതുമയുള്ളതുമായ അവതരണമാണ് മാരന്‍. പ്രമേയം കൊണ്ടും രംഗപ്രയോഗത്തിന്റെ പുതുസാധ്യതകള്‍ അന്വേഷിക്കുന്നതിനാലും നാടകം പ്രേക്ഷകനില്‍ ആസ്വാദ്യതയുടെ നവീനതലം സൃഷ്ടിക്കാന്‍ പോന്നതാണ്. 

ഒരേസമയം പരീക്ഷണാത്മകവും ഗഹനവും പ്രേക്ഷകനിലേക്ക് സംവേദിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതുമാണ് മാരന്റെ പ്രമേയം. രംഗകലയുടെ മര്‍മ്മമറിയുന്ന ഒരു സംവിധായകനേ ഇത്തരമൊരു പ്രമേയം രംഗത്തവതരിപ്പിച്ച് വിജയിപ്പിച്ചെടുക്കാനാവൂ. എന്നാല്‍,  മാരന്‍ മേല്‍പ്പറഞ്ഞ എല്ലാ പ്രതിസന്ധികളേയും അനായാസം മറികടന്ന് നാടകാസ്വാദ്യതയ്ക്ക് പുതുമാനങ്ങള്‍ സൃഷ്ടിച്ചത് പ്രേക്ഷകനു കണ്ടറിയാനാവും. 

മലയാള നാടകവേദിയില്‍നിന്നും കാഴ്ചക്കാര്‍ അകന്നുപോകുന്നുവെന്ന സ്ഥിരം പരാതി പല വേദികളിലും ആവര്‍ത്തിച്ചു കേള്‍ക്കുന്നതാണ്. ഇത്തരമൊരു ആരോപണത്തില്‍ കഴമ്പുണ്ടെന്നു തോന്നാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, പുതിയ നാടകങ്ങള്‍ പ്രേക്ഷകനോട് സംവദിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതിനാലാവണം. കാമ്പുള്ളതും സാഹിത്യമേന്മ അവകാശപ്പെടാവുന്നതുമായ നാടകകൃതികള്‍ അധികമുണ്ടാവുന്നില്ലായെന്നതും മറ്റൊരു കാരണമാവാം. കെല്പുള്ള ഇതിവൃത്തങ്ങളില്ലാതെ രംഗപ്രയോഗത്തിന്റെ നൂതന സാധ്യതകളെക്കൊണ്ട് മാത്രം നാടകവേദിക്ക് നിലനില്‍പ്പ് ഉണ്ടാകില്ലായെന്നു വര്‍ത്തമാനകാല പ്രേക്ഷകര്‍ കയ്യൊഴിഞ്ഞ നാടകവേദികള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. അരങ്ങിലെ നാടകത്തിനു തങ്ങളുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് പ്രേക്ഷകനു തോന്നിത്തുടങ്ങുന്നിടത്താണ് ഒരു നാടകം വിജയിച്ചു തുടങ്ങുക. അതീവ സങ്കീര്‍ണ്ണമായ മാനസിക അവസ്ഥയെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന മാരന്‍ എന്ന നാടകത്തിന്റെ വിജയവും അവിടെത്തന്നെയാണ്. അരങ്ങിലെ കഥാപാത്രങ്ങളില്‍ തങ്ങളുടെ ജീവിതമുണ്ടെന്ന് അടിവരയിടാതെ പ്രേക്ഷകനു നാടകം കണ്ടുതീര്‍ക്കാനാവില്ല. 

മാരന്റെ കഥാതന്തു സൂക്ഷ്മവും മനശ്ശാസ്ത്രപരവുമാണ്. തിരക്കുപിടിച്ച ആധുനിക കാലത്തെ മധ്യവയസ്‌കരായ ഭാര്യാഭര്‍ത്താക്കന്മാരാണ് നാടകത്തിലെ കഥാപാത്രങ്ങള്‍. ജീവിതത്തിന്റെ തിരക്കില്‍ അവര്‍ വല്ലാതെ മുഷിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ തിരക്കുകളും യാന്ത്രികതയും അവരെ ജീവിതത്തിന്റെ സമസ്ത സൗന്ദര്യങ്ങളില്‍നിന്നും അകറ്റുന്നു. ഇതൊക്കെയാണെങ്കിലും ഭാര്യയില്‍ ഒരു കാമുകിയും ഭര്‍ത്താവില്‍ ഒരു കാമുകനും ഒളിഞ്ഞുകിടപ്പുണ്ട്. ജീവിതത്തിന്റെ അതിസുന്ദരമായ മുഹൂര്‍ത്തങ്ങളെ ആഘോഷമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഭിന്നവും വിചിത്രവുമായ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ഭര്‍ത്താവും ഭാര്യയും പരസ്പര സമ്മതത്തിലെന്നവണ്ണം അവരിലെ കാമനകളെ തുറന്നുവിടുകയാണ്. ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന ദ്വന്ദവ്യക്തിത്വങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയും അത് ഇരുവരുടേയും സ്വത്വാന്വേഷണത്തിലേക്ക് പോവുകയും ചെയ്യുന്നു. രതി ഒരു മുഖ്യവിഷയമായി നാടകത്തില്‍ കടന്നുവന്നിട്ടുണ്ട്. ശ്ലീലാ-അശ്ലീലങ്ങളുടെ അതിര്‍ത്തികള്‍ ലംഘിക്കാതെ രതി സൗന്ദര്യാത്മകമായി നാടകത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യയേയും ഭര്‍ത്താവിനേയും വേട്ടയാടുന്ന കാമനകളില്‍നിന്നു പുറത്തുവന്ന് സ്വന്തം അസ്തിത്വത്തെ തിരിച്ചറിയുന്നിടത്ത് നാടകം ശുഭപര്യവസായിയായി അവസാനിക്കുമ്പോള്‍ പ്രേക്ഷകനോടൊത്ത് കഥാപാത്രങ്ങളും ഇറങ്ങിപ്പോവുന്ന പ്രതീതി നാടകം ജനിപ്പിക്കുന്നുണ്ട്.

ഒരു നടനും നടിയും മാത്രമേ നാടകത്തിലുള്ളൂ. ഭര്‍ത്താവ്/കാമുകന്‍, ഭാര്യ/കാമുകി എന്നീ ദ്വന്ദവ്യക്തിത്വങ്ങളെ രസച്ചരട് പൊട്ടാതെ രംഗത്തവതരിപ്പിക്കുവാന്‍ മികച്ച നടനും നടിക്കും മാത്രമെ സാദ്ധ്യമാവൂ. നീണ്ട കാലയളവിലെ രംഗപരിചയമുള്ള അയൂബ്ഖാന്‍, മല്ലിക എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പക്വവും സൂക്ഷ്മവുമായ (Certle acting) അവരുടെ അഭിനയമികവ് എടുത്ത് പറയാതെ വയ്യ. നാടകത്തിന്റെ ആദ്യ 14 മിനിറ്റ് സമയം ചതുര്‍വ്വിധാഭിനയത്തിലെ വാചികാഭിനയത്തെ ഒഴിവാക്കി ആംഗിക-സാത്വിക-ആഹാര്യാഭിനയത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രംഗങ്ങള്‍ (Mime) എന്നു വേണമെങ്കില്‍ പറയാം; ഫലപ്രദമായി, മനോഹരമായി നിര്‍വ്വഹിച്ചിരിക്കുന്നു. ഭര്‍ത്താവ് കാമുകനും ഭാര്യ കാമുകിയുമായി മാറുന്ന സന്ദര്‍ഭത്തില്‍, കവിയും ഗാനരചയിതാവുമായ മുരളി വാഴമന രചിച്ച് സംഗീതസംവിധാനം നിര്‍വ്വഹിച്ച് ഹരികൃഷ്ണന്‍ ആലപിച്ച ഒരു ഗാനമുണ്ട്. തികച്ചും റിയലിസ്റ്റിക്കായ മാരനില്‍ എത്ര വിദഗ്ദ്ധമായാണ് ഗാനം സന്നിവേശിപ്പിച്ചിട്ടുള്ളത്. കവിമൊഴികളുടെ അര്‍ത്ഥതലങ്ങളെ ഭാവോജ്ജ്വലമാക്കുന്നതില്‍ സംവിധായകന്‍ പ്രകടിപ്പിച്ചിട്ടുള്ള ഇന്ദ്രജാലപാടവം നാടകത്തിന്റെ സൗന്ദര്യാത്മകതയ്ക്ക് കുറച്ചൊന്നുമല്ല മാറ്റ് കൂട്ടിയിട്ടുള്ളത്. കാമുകനും കാമുകിയും സ്വപ്നം കാണുന്ന രംഗത്തിന്റെ ആവിഷ്‌കാരത്തില്‍, തനതു നാടകത്തിലൂടെ ദേശീയ-അന്തര്‍ദ്ദേശീയ നാടകോത്സവങ്ങളില്‍ സംവിധായകന്‍ നടത്തിയിട്ടുള്ള ചില പരീക്ഷണങ്ങള്‍ മാരനിലും പ്രയോഗിച്ചിട്ടുണ്ട്. പ്രസ്തുത രംഗം പ്രേക്ഷകനെ സ്വപ്നസദൃശമായ അനുഭൂതിയിലേയ്ക്ക് നയിക്കുന്ന മാസ്മരികത എടുത്തു പറയാവുന്നതാണ്. പ്രകാശക്രമീകരണം, ശബ്ദനിയന്ത്രണം, പശ്ചാത്തലസംഗീതം തുടങ്ങിയവ നാടകാസ്വാദനത്തെ സഹായിക്കുംവിധം അവതരിപ്പിക്കാനായി. കൃത്യമായ കളര്‍ ലൈറ്റ് പാറ്റേണുകള്‍ കണ്ടെത്തി ഓരോ രംഗത്തിനും അനുയോജ്യമാവുംവിധം കൃത്യതയോടെ ഉപയോഗിച്ചത് നാടകത്തിലെ ഓരോ രംഗവും ഒരു പെയിന്റിങ്ങ് എന്നവണ്ണം പ്രേക്ഷകമനസ്സില്‍ എത്താന്‍ കാരണമായി. സൗണ്ട് എന്‍ജിനീയറിങ്ങില്‍ കാണിച്ച സൂക്ഷ്മത കഥാപാത്രത്തിന്റെ ഒരു നേര്‍ത്ത നിശ്വാസംപോലും പ്രേക്ഷകന്റെ ചെവിയില്‍ അനുഭവഭേദ്യമാകാന്‍ സഹായിച്ചു. 
പ്രേക്ഷകനെ പരിക്ഷീണരാക്കുന്ന പരീക്ഷണങ്ങളില്‍നിന്നു വേറിട്ടതും കാമ്പുള്ളതുമായ രംഗസൃഷ്ടികളാണ് പ്രേക്ഷകനെ മലയാള നാടകവേദിയിലേയ്ക്ക് തിരികെയെത്തിക്കാനുള്ള ഏക പോംവഴി. നാടകസാഹിത്യം/സംഭാഷണം പരിമിതപ്പെടുത്തി അരങ്ങില്‍ സര്‍ക്കസും കെട്ടുകാഴ്ചകളും കുത്തിനിറച്ച മലയാള നാടക അരങ്ങിന് മാരന്‍ പുതിയ ദിശാബോധം നല്‍കുന്ന വഴിവിളക്കുകളില്‍ ഒന്നാകും; തീര്‍ച്ച. മാരന്റെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനമര്‍ഹിക്കുന്നു.

കൊവിഡ് കാലത്ത് നാടകം അരങ്ങിലെത്തിക്കാനും അരങ്ങിലെത്തുന്ന നാടകങ്ങള്‍ക്ക് വേദിയൊരുക്കാനും മാരന്‍ മാതൃകയാവട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത