ഇന്ധനവില വര്‍ധന; ഇടത് പാര്‍ട്ടികള്‍ പ്രക്ഷോഭത്തിലേക്ക്

ഇന്ധനവില വര്‍ധന വര്‍ധനവിന് എതിരെ ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധന വര്‍ധനവിന് എതിരെ ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക്. സംസ്ഥാനതല പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം, ഇതിന്റെ ഭാഗമായി ഈമാസം 16 മുതല്‍ 30വരെ പ്രതിഷേധ പരിപാടികള്‍ നടത്തും. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നതടക്കം, വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പ്രക്ഷോഭം. 

കോവിഡ് ആഘാതത്തില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകേണ്ട കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില അടിക്കടി വര്‍ധിപ്പിച്ച് ജനജീവിതം കൂടുതല്‍ ദുസഹമാക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ദേശ വ്യാപക പ്രതിഷേധമെന്ന് ഇടത് പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം ചുരുങ്ങിയത് 21 തവണ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടി. ഇത് ഭക്ഷ്യവസ്തുക്കളുടെയടക്കം വില വര്‍ധനവിന് കാരണമായി. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, തുടങ്ങിയ ഗുരുതര പ്രതിസന്ധികളിലൂടെ രാജ്യം കടന്നു പോകവെയാണ് കൂടുതല്‍ ദുരിതം സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനമെന്ന് ഇടത് പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.

അവശ്യസാധനങ്ങളുടെയും അവശ്യ മരുന്നുകളുടെയും വില നിയന്ത്രിക്കണം, 5 കിലോ ഭക്ഷ്യധാന്യ കിറ്റിന് പകരം 10 കിലോ കിറ്റ് നല്‍കുക, കരിഞ്ചന്ത തടയുക, ആദായ നികുതി പരിധിയില്‍പ്പെടാത്തവര്‍ക്ക് 7500 രൂപ നേരിട്ട് നല്‍കുക, തുടങ്ങിയ ആവശ്യങ്ങളും ദേശ വ്യാപക പ്രക്ഷോഭത്തിന്റെ മുദ്രാവാക്യമാണ്. സിപിഐ,സിപിഎം, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐഎംഎല്‍ എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സമരമെന്ന് സംയുക്ത പ്രസ്താവനയില്‍ പാര്‍ട്ടികള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com