മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ നാളെ?; ഫഡ്നാവിസും ഷിൻഡെയും ഗവര്‍ണറെ കാണും

തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന് ഷിന്‍ഡെ ക്യാമ്പ് അവകാശപ്പെട്ടു
ഫഡ്‌നാവിസ് ബിജെപി നേതാക്കള്‍ക്കൊപ്പം/ പിടിഐ
ഫഡ്‌നാവിസ് ബിജെപി നേതാക്കള്‍ക്കൊപ്പം/ പിടിഐ

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ് നാവിസ് കൂടിക്കാഴ്ചയ്ക്ക് ഗവര്‍ണറോട് സമയം തേടി. ഫഡ്നാവിസും ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെയും ഒരുമിച്ചാകും ​ഗവർണറെ കാണുക. ഫഡ്‌നാവിസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും. ഫഡ്‌നാവിസും ഷിന്‍ഡെയും മാത്രമാകും നാളെ സത്യപ്രതിജ്ഞ ചെയ്യുക. തുടര്‍ന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തും. നിയമസഭ വിപ്പിനെയും തെരഞ്ഞെടുത്ത്, സഭയില്‍ വിശ്വാസ വോട്ടും തേടിയശേഷമാകും മന്ത്രിസഭാ വികസനം ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന് ഷിന്‍ഡെ ക്യാമ്പ് അവകാശപ്പെട്ടു. ഒരു പാര്‍ട്ടിയിലും തങ്ങള്‍ ലയിക്കില്ലെന്നും ശിവസേന എംഎല്‍എ ദീപക് കേസര്‍ക്കര്‍ പറഞ്ഞു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട് തങ്ങള്‍ ഒരു ആഘോഷവും നടത്തിയിട്ടില്ല. ഉദ്ധവിനെ അനാദരിക്കുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യാന്‍ തങ്ങള്‍ക്ക് ഒരു ഉദ്ദേശവുമില്ല. 

തങ്ങളാരും താക്കറെ കുടുംബത്തിന് എതിരല്ല. തങ്ങള്‍ താക്കറെയെ വഞ്ചിച്ചിട്ടില്ല. ബാലാസാഹേബിന്റെ തത്വങ്ങള്‍ മുറുകെ പിടിക്കുകയാണ് തങ്ങള്‍ ചെയ്തത്. വകുപ്പുകളുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതെല്ലാം അടിസ്ഥാന രഹിതമാണ്. അതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കേസര്‍ക്കര്‍ പറഞ്ഞു. അതേസമയം മന്ത്രിസ്ഥാനം സംബന്ധിച്ച് ബിജെപിയും ശിവസേന വിമതരും തമ്മില്‍ ചര്‍ച്ചകള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com