ബോര്‍ഡംഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം: ഐസിസി ചെയര്‍മാനായി ശശാങ്ക് മനോഹര്‍ തുടര്‍ന്നേക്കും

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയെ പരിഷ്‌കരിച്ച് ബിഗ് ത്രീ മോഡല്‍ യുഗം അവസാനിപ്പിക്കുന്നതിന് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ശശാങ്ക് മനോഹര്‍
ബോര്‍ഡംഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം: ഐസിസി ചെയര്‍മാനായി ശശാങ്ക് മനോഹര്‍ തുടര്‍ന്നേക്കും

ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ സ്ഥാനം തുടരുന്നതിന് ഐസിസി അംഗരാജ്യങ്ങളില്‍ നിന്നും ശശാങ്ക് മനോഹറിന് വന്‍ സമ്മര്‍ദ്ദം. അദ്ദേഹത്തിന്റെ രണ്ട് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നതിനും ഒരുതവണ കൂടി ചെയര്‍മാനാകുന്നതിനും ഐസിസി അംഗങ്ങള്‍ ശശാങ്ക് മനോഹറിനെ സമീപിച്ചതായി സൂചന. 

കഴിഞ്ഞ വര്‍ഷം മെയില്‍ ഐസിസി അധ്യക്ഷസ്ഥാനത്തേക്കെത്തിയ മനോഹര്‍ ചെയര്‍മാന്‍ സ്ഥാനം അടുത്ത ജൂണോടെ വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്‍ഷമാണ് ഐസിസി ചെയര്‍മാന്റെ കാലാവധി. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി രാജിവെക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. ഐസിസിയുടെ പുതിയ ഭരണ സാമ്പത്തിക മോഡല്‍ പരിഷ്‌കരണങ്ങള്‍ക്ക് അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന യോഗം ജൂണിലാണ് നടക്കുക. ഈ യോഗത്തിന് ശേഷം രാജിവെക്കുമെന്നാണ് ശശാങ്ക് മനോഹര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയെ പരിഷ്‌കരിച്ച് ബിഗ് ത്രീ മോഡല്‍ യുഗം അവസാനിപ്പിക്കുന്നതിന് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ശശാങ്ക് മനോഹര്‍. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളായിരുന്നു ബിഗ് ത്രീ മോഡലില്‍ ഐസിസിയില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നത്. ഐസിസിയുടെ വരുമാനത്തിന്റെ സിംഹ ഭാഗവും ഈ രാജ്യങ്ങള്‍ക്കാണ് ലഭിച്ചിരുന്നത്.

രണ്ട് വര്‍ഷക്കാലം എന്തായാലും ചെയര്‍മാന്‍ പദവിയില്‍ താനുണ്ടാകില്ലെന്ന് ശശാങ്ക് മനോഹര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഐസിസി അംഗത്വമുള്ള രാജ്യങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള കീര്‍ത്തി കാലാവധി പൂര്‍ത്തിയാക്കി ഒരു തവണ കൂടി അധ്യക്ഷനായി എത്തുമെന്നാണ് സൂചനയെന്ന് ഐസിസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കി. 

ഇംഗ്ലണ്ടിന്റെ ഗില്‍സ് ക്ലാര്‍ക്ക്, ഓസ്‌ട്രേലിയയുടെ ഡേവിഡ് പീവെര്‍, ശ്രീലങ്കയുടെ തിലങ്ക സുമതിപാല എന്നിവരാണ് ശശാങ്കിന്റെ പകരക്കാരനായി എത്താനുള്ളവരുടെ സാധ്യതയില്‍ മുന്നിലുള്ളവര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com