പൊലീസ് വാദം തള്ളി സിപിഎം; സന്ദീപിന്റേത് രാഷ്ട്രീയക്കൊലപാതകം; ബിജെപിയുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമമെന്ന് കെ സുരേന്ദ്രന്‍

ബിജെപിയും ആര്‍എസ്എസുമാണ് കൊലപാതകത്തിന് പിന്നിലെന്ന് തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി ആരോപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട: സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകം വ്യക്തി വൈരാഗ്യത്തെത്തുടര്‍ന്നാണെന്ന പൊലീസ് വാദം തള്ളി സിപിഎം. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ബിജെപിയും ആര്‍എസ്എസുമാണ് കൊലപാതകത്തിന് പിന്നിലെന്ന് തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി ആരോപിച്ചു. ജിഷ്ണുവിന്റെ അമ്മയുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ട് സന്ദീപുമായി തര്‍ക്കം ഉണ്ടായിരുന്നില്ല. ബിജെപിയുടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിലും ജിഷ്ണു പ്രതിയാണെന്ന് അദ്ദേഹം പറഞ്ഞു. 

രക്തസാക്ഷിയെ സൃഷ്ടിക്കാൻ ശ്രമം

എന്നാല്‍ സിപിഎം ആരോപണം ബിജെപി നിഷേധിച്ചു. സിപിഎം നേതാവിന്റെ കൊലപാതകം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. പ്രതികളില്‍ രണ്ടുപേര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. സംഘപരിവാറുമായി ഈ കേസിന് ഒരു ബന്ധവുമില്ല. വ്യക്തിവൈരാഗ്യമാണ് കൊലപാതകകാരണമെന്ന് പൊലീസ് പറഞ്ഞിട്ടും സിപിഎം രക്തസാക്ഷിയെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

വിജയരാഘവനും സിപിഎമ്മും മാപ്പുപറയണം

കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പു പറയണം. ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ച് നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് സിപിഎം സെക്രട്ടറിക്കെതിരേ നടപടിയെടുക്കണം. സിപിഎം നേതാക്കള്‍ ആര്‍ എസ് എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. തുടര്‍ച്ചയായ കൊലപാതകങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്ന് അടിവരയിടുന്നതായും സുരേന്ദ്രൻ വ്യക്തമാക്കി. 

വ്യക്തിവൈരാ​ഗ്യമെന്ന് പൊലീസ്

സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.  പ്രധാനപ്രതി ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍വൈരാഗ്യം ഉണ്ടായിരുന്നു.  ജിഷ്ണുവിന്റെ മാതാവിന് ബീവറേജസ് കോര്‍പ്പറേഷന്റെ റം നിര്‍മാണശാലയില്‍ ജോലി ഉണ്ടായിരുന്നു. ഈ ജോലി നഷ്ടപ്പെടുത്താന്‍ സന്ദീപ് ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.  ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും പൊലീസ് സൂചിപ്പിക്കുന്നു.

ഫൈസലുമായി ചങ്ങാത്തം ജയിലിൽ വെച്ച്

യുവമോർച്ചയുടെ മുൻ ഭാരവാഹിയാണ് ജിഷ്ണു. എന്നാൽ കേസിൽപ്പെട്ട് ജയിലിലായതോടെ സംഘടനയിൽ നിന്നും പുറത്താക്കിയതായാണ് നേതാക്കൾ പറയുന്നത്. മോഷണം ഉള്‍പ്പടെ ആറോളം കേസുകളില്‍ പ്രതിയായ ജിഷ്ണുവും ഫൈസലും ജയിലില്‍ വെച്ചാണ് പരിചയപ്പെട്ടത്. സമീപകാലത്ത് ഇരുവരും ജയില്‍ മോചിതരായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ് കൊലപാതകമെന്നുള്ള തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ കേസില്‍ പ്രതിയാക്കപ്പെട്ടതോടെയാണ് ആസൂത്രിതമായ കൊലപാതകമാണ് എന്ന തീരുമാനത്തിലേക്ക് പൊലീസെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com