മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകം ; പിന്നില്‍ ഭാര്യയും സുഹൃത്തുക്കളും ; രണ്ടുപേര്‍ അറസ്റ്റില്‍

2018 ഓഗസ്റ്റില്‍ ജയ്‌സാല്‍മീറില്‍ മോട്ടോര്‍റാലിക്കിടെ അസ്ബഖിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
അസ്ബഖ് മോൻ / ഫെയ്സ്ബുക്ക് ചിത്രം
അസ്ബഖ് മോൻ / ഫെയ്സ്ബുക്ക് ചിത്രം

ജയ്പൂര്‍ : മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. മൂന്നു വര്‍ഷം മുമ്പാണ് കണ്ണൂര്‍ സ്വദേശിയും ബംഗലൂരു ആര്‍ടി നഗര്‍ താമസക്കാരനുമായ അസ്ബഖ് മോന്‍ (34) ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇതു കൊലപാതകമാണെന്നാണ് രാജസ്ഥാന്‍ പൊലീസ് കണ്ടെത്തിയത്. 

കേസില്‍ അസ്ബഖിന്റെ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്ബഖിന്റെ ഭാര്യ സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തി. 

2018 ഓഗസ്റ്റില്‍ ജയ്‌സാല്‍മീറില്‍ മോട്ടോര്‍റാലിക്കിടെ അസ്ബഖിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിശീലനത്തിനിടെ മരുഭൂമിയില്‍ ഒറ്റപ്പെട്ട് നിര്‍ജലീകരണം മൂലം മരണം സംഭവിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനം. 

സുമേറ, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിഖ്,സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് അസ്ബഖ് ജയ്‌സാല്‍മീറിലെത്തിയത്. 2018 ഓഗസ്റ്റ് 15 ന് ഇവരെല്ലാം കൂടിയാണ് റേസിങ് ട്രാക്ക് കാണാന്‍ പോയത്. പിന്നീട് അസ്ബഖിനെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

മരണത്തില്‍ സംശയമില്ലെന്ന് ഭാര്യ സുമേറ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ദുരുഹതയുണ്ടെന്ന് ആരോപിച്ച് അസ്ബഖിന്റെ മാതാവും സഹോദരനും പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്ബഖിന്റെ പുറത്ത് പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. 

ബംഗലൂരുവില്‍ താമസിക്കുന്നതിന് മുമ്പ് അസ്ബഖും കുടുംബവും ദുബായിലായിരുന്നു താമസിച്ചിരുന്നത്. പലകാര്യങ്ങളിലും അസ്ബഖും സുമേറയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അസ്ബഖ് മരിച്ച സ്ഥലത്ത് ആദ്യമെത്തിയത് സുഹൃത്ത് സഞ്ജയ് ആണെന്നും, അസ്ബഖിന്റെ മൊബൈല്‍ ഫോണും സാധനങ്ങളും ഇയാള്‍ കൈക്കലാക്കിയതായും കണ്ടെത്തി. 

മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ പ്രതികള്‍ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ ഒളിവില്‍ പോയ സഞ്ജയ്, വിശ്വാസ് എന്നിവരെ ബംഗലൂരുവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com