കോവിഡ് പോസിറ്റീവ് ആണെന്ന് ഫോണിലൂടെ വിവരം ലഭിച്ചു; യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; നടുറോ‍ഡിൽ ഒന്നര മണിക്കൂർ

കോവിഡ് പോസിറ്റീവ് ആണെന്ന് ഫോണിലൂടെ വിവരം ലഭിച്ചു; യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; നടുറോ‍ഡിൽ ഒന്നര മണിക്കൂർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ടു വൈദ്യുതത്തൂണിലിടിച്ച് തല കീഴായി മറിഞ്ഞു. കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞതോടെ യുവതി പരിഭ്രാന്തിയിലായി. ഇതോടെയാണ് കാറിന്റെ നിയന്ത്രണം വിട്ടത്. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ തയാറാകാതിരുന്നതോടെ നടുറോഡിൽ കഴിയേണ്ടി വന്നത് ഒന്നര മണിക്കൂർ.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കോവിഡ് പരിശോധനയ്ക്കു ശേഷം അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയിൽ പോയി മടങ്ങുകയായിരുന്ന 40കാരിക്കാണ്  കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടൻ പരിഭ്രാന്തിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു. യുവതിയുടെ മുഖത്തു നിസ്സാര പരിക്കേറ്റു. പതിനൊന്നും എട്ടും വയസ്സുള്ള മക്കളെ ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാർ പൂർണമായും തകർന്നു.

കാറിൽ നിന്നു യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും, കോവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാൻ 108 ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ളവർ തയാറായില്ല. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പിപിഇ കിറ്റ് നൽകി യുവതിയെ വഴിയരികിൽ ഇരുത്തിയെങ്കിലും കോവിഡ് രോഗിയെ കൊണ്ടുപോകാൻ ഫയർ ആംബുലൻസ് ഉപയോഗിക്കാൻ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു പിന്മാറി.

വീട്ടിലാക്കിയാൽ മതിയെന്നു യുവതി പറഞ്ഞതനുസരിച്ചു, കടയ്ക്കൽ താലൂക്ക് ആശുപത്രിക്കു മുന്നിലെ സ്വകാര്യ ആംബുലൻസ് സർവീസുകളെ ഉൾപ്പെടെ സമീപിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. പിന്നീട് കടയ്ക്കൽ പൊലീസ് ഇടപെട്ട് 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും യുവതിയെ വീട്ടിലാക്കാൻ അവരും തയാറായില്ലെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഒന്നര മണിക്കൂറിനു ശേഷം ബന്ധുവായ യുവതി എത്തി ഇവരെ കാറിൽ വീട്ടിലേക്കു മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com