സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ ?; കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 06:09 AM  |  

Last Updated: 04th August 2021 06:09 AM  |   A+A-   |  

police_checking

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഇന്നറിയാം. 
പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കും. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഇതിനുപകരം ഓരോ മേഖലകള്‍ തിരിച്ചായിരിക്കും നിയന്ത്രണം. ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും. ആയിരം പേരില്‍ എത്ര രോഗികള്‍ എന്ന് കണക്കാക്കിയായിരിക്കും നിയന്ത്രണം. 

ആഴ്ചയില്‍ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. കടകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിച്ചേക്കും. രോഗവ്യാപനം ഏറിയ മേഖലകളില്‍ ഒഴികെ കടകള്‍ തുറക്കുന്നതിന് കൂടുതല്‍ ഇളവുകളും നല്‍കിയേക്കും. നിലവിലുള്ള വാരാന്ത്യ ലോക്ക് ഡൗണ്‍ ഞായറാഴ്ച ദിവസം തുടരും.ശനിയാഴ്ചത്തെ നിയന്ത്രണം നീക്കും. അതേസമയം ആഗസ്റ്റ് 15, 22 (മൂന്നാം ഓണം) എന്നീ ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഉണ്ടാകില്ല.