ഇടതുതരംഗം തുടരുന്നു ; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം ; ആറളം പഞ്ചായത്ത് ഭരണം ഇടതിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 11:57 AM  |  

Last Updated: 12th August 2021 02:34 PM  |   A+A-   |  

CPM

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് നേട്ടം. വോട്ടെടുപ്പ് നടന്ന 11 വാര്‍ഡുകളില്‍ ഏഴിടത്ത് എല്‍ഡിഎഫ് വിജയിച്ചു. നാലിടത്ത് യുഡിഎഫും നേടി. കണ്ണൂര്‍ ആറളം പഞ്ചായത്ത് ഭരണം ഇടതുമുന്നണി നേടി. പത്താം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി 137 വോട്ടിനാണ് വിജയിച്ചത്. 

വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പഴേരി ഡിവിഷന്‍ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി എസ് രാധാകൃഷ്ണന്‍ 112 വോട്ടിനു വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി 96 വോട്ടിനാണ് ജയിച്ചത്.

പത്തനംതിട്ടയിലെ കലഞ്ഞൂര്‍ പഞ്ചായത്ത് 20-ാം വാര്‍ഡ് (പല്ലൂര്‍) ഇടതുമുന്നണി വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥി അലക്‌സാണ്ടര്‍ ദാനിയേല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാര്‍ഡ് പിടിച്ചെടുത്തത്. നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വിദ്യാ വിജയന്‍ 94 വോട്ടിന് വിജയിച്ചു. 

വേങ്ങൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചു. 19 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിലെ പി വി പീറ്റര്‍ സീറ്റ് നിലനിര്‍ത്തിയത്. പിറവം നഗരസഭ അഞ്ചാം ഡിവിഷന്‍ യുഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയി 205 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ അഞ്ജു മനുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇവിടെ വിജയിച്ചിരുന്നു.

എറണാകുളം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പള്ളി 13-ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 232 വോട്ടിനാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. മലപ്പുറം തലക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡ് സിപിഎം നേടി. 

നിലമ്പൂര്‍ ബ്ലോക്ക് വഴിക്കടവ് ഡിവിഷന്‍ ലീഗ് പിടിച്ചെടുത്തു. സിപിഎമ്മില്‍ നിന്ന് ലീഗ് നേടി. കോട്ടയം എലിക്കുളം പഞ്ചായത്ത് 14-ാം വാര്‍ഡ് യുഡിഎഫ് വിജയിച്ചു. മലപ്പുറം ചെറുകാവ് 10-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. വണ്ടൂര്‍ പഞ്ചായത്തിലെ 9-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 

ഉപതിരഞ്ഞെടുപ്പ് നടന്ന വളയം പഞ്ചായത്ത് മൂന്നാം വാർഡ് കല്ലുനിരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചു. സിപിഎമ്മിലെ കെ ടി ഷബിനയാണ് 196 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ഇ കെ നിഷയെയാണ് ഷബിന പരാജയപ്പെടുത്തിയത്.

ആലപ്പുഴ മുട്ടാര്‍ പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ഇടതുമുന്നണി നേടി. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് 168 വോട്ട് വീതം ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്. സിപിഎം സ്വതന്ത്രന്‍ ആന്റണി (മോനിച്ചന്‍)യാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്.