സ്വര്‍ണക്കടത്ത് പ്രതികളെ ഉപയോഗിച്ച് ആക്ഷേപം പരത്തുന്നു; സമരകോലാഹലവും അക്രമവും സൃഷ്ടിക്കാന്‍ ശ്രമം: കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഭരണാധികാരി മാത്രമല്ല, ദേശീയ നേതാവ് കൂടിയാണ്
കോടിയേരി ബാലകൃഷ്ണൻ/ഫയല്‍ ചിത്രം
കോടിയേരി ബാലകൃഷ്ണൻ/ഫയല്‍ ചിത്രം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഉപയോഗിച്ച് അടിസ്ഥാനമില്ലാത്ത ആക്ഷേപം പരത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന്റെ മറവില്‍ സമരകോലാഹലവും അക്രമവും സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവില്‍ അക്രമവും അരാജകത്വവും സൃഷ്ടിച്ച് എല്‍ഡിഎഫ് ഭരണത്തിന്റെ ജനക്ഷേമവികസന പ്രവര്‍ത്തനങ്ങളെ തടയാനിറങ്ങുന്ന പ്രതിപക്ഷനയം വിനാശകരമാണെന്ന് കോടിയേരി ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തി. 

വിമോചനസമരകാലത്ത്  ഇ എം എസിനെതിരെ ആയിരുന്നെങ്കില്‍  ഇന്ന് പിണറായിക്കെതിരെ ആഭാസകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അരാജകസമരം നടത്തുകയുമാണ്. അഴിമതിരഹിതമായ ഭരണത്തിന് നേതൃത്വം നല്‍കുന്ന, ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുള്ള ഭരണാധികാരിയായ പിണറായി വിജയനെയും അദ്ദേഹം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ അധമ രാഷ്ട്രീയം കൊണ്ടു കഴിയില്ല. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ അതിശയോക്തിയായി അവതരിപ്പിക്കുകയാണ് പല കേന്ദ്രങ്ങളും. എന്നിട്ട് അതിന്റെ തുടർച്ചയായി എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ അധാർമിക മാർഗങ്ങൾ പ്രതിപക്ഷത്തെ ചില കക്ഷികൾ സ്വീകരിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ  കൂട്ടാൻ കരുനീക്കുകയും ചെയ്യുന്നു.

തൃക്കാക്കരയിലെ കോൺഗ്രസ് വിജയത്തെ തുടർന്ന് ഹാലിളകിയ മട്ടിലാണ് യുഡിഎഫ്. ബിജെപിയാകട്ടെ എൽഡിഎഫ് വിരുദ്ധതയിൽ യുഡിഎഫുമായി കൂട്ടുകൂടി കേന്ദ്രഭരണത്തെ ദുരുപയോഗപ്പെടുത്തി ഭരണഘടനാവിരുദ്ധ അധമ രാഷ്ട്രീയത്തിലേക്ക് നീങ്ങുകയാണ്. ഇക്കാര്യത്തിൽ യുഡിഎഫും ബിജെപിയും ഒക്കച്ചങ്ങാതിമാരായിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഭരണാധികാരി മാത്രമല്ല, സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗവും പാർടിയുടെ ദേശീയ നേതാവും കേരളഘടകത്തെ നയിക്കുന്നവരിൽ പ്രമുഖനുമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ക്യാമ്പയിന് കൂട്ടായ നേതൃത്വത്തിന് സമയം ചെലവഴിച്ചത് കമ്യൂണിസ്റ്റ് പ്രവർത്തനശൈലി തന്നെയാണ്. എൽഡിഎഫ് ഭരണത്തിനോ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള സിൽവർ ലൈൻ  ഉൾപ്പെടെയുള്ള നവകേരള വികസന കാഴ്ചപ്പാടിനെയോ നിരാകരിക്കുന്നതല്ല ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com