കേരളം

ശബരിമല വിധിയില്‍ ഗുരുതര പിഴവ്; ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയതു തെറ്റെന്ന് ഹര്‍ജിക്കാര്‍; പുനപ്പരിശോധന ആവശ്യമില്ലെന്നു സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധിയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് പുനപ്പരിശോധനാ ഹര്‍ജികളുടെ വാദത്തിനിടെ ഹര്‍ജിക്കാര്‍. പ്രതിഷ്ഠയുടെ അവകാശം പരിഗണിക്കാതെയാണ് കോടതി കേസില്‍ വിധി പറഞ്ഞതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയത് തെറ്റാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം പുനപ്പരിശോധനാ ഹര്‍ജികളെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ പുതിയ വാദങ്ങളൊന്നും ഹര്‍ജിക്കാര്‍ മുന്നോട്ടുവച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. 

എന്‍എസ്എസിനു വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരനാണ് വാദം തുടങ്ങിവച്ചത്. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്തംബര്‍ 28ലെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് പരാശരന്‍ പറഞ്ഞു. പ്രധാന വിഷയങ്ങള്‍ കോടതിക്കു മുന്നില്‍ എത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിധിയിലെ പിഴവുകള്‍ എന്തൊക്കെയെന്നു ചൂണ്ടിക്കാട്ടാന്‍ ചീഫ് ജസ്റ്റിസ് അഭിഭാഷകനോടു നിര്‍ദേശിച്ചു. വാദങ്ങള്‍ വസ്തുതകളില്‍ ഊന്നാന്‍ അദ്ദേഹം നിര്‍ദേശിച്ചു. 

ഭരണഘടനയുടെ 15, 17 അനുച്ഛേദങ്ങളുടെ അടിസ്ഥാനത്തില്‍ ശബരിമല കേസില്‍ വിധി പുറപ്പെടുവിച്ചത് പിഴവാണെന്ന് കെ പരാശരന്‍ വാദിച്ചു. പൊതുസ്ഥലത്തെ തുല്യതയെക്കുറിച്ചു പറയുന്ന  15 (2)ല്‍ മതസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വസ്തുത കോടതി കണക്കിലെടുത്തില്ല. പതിനഞ്ചാം അനുച്ഛേദപ്രകാരം ക്ഷേത്രാചാരത്തെ റദ്ദാക്കിയത് തെറ്റാണ്. മതവിശ്വാസങ്ങളുടെ യുക്തി കോടതികള്‍ പരിശോധിക്കേണ്ടതില്ലെന്ന ബിജോ ഇമ്മാനുവല്‍ കേസിലെ വിധി പരാശരന്‍ ചൂണ്ടിക്കാട്ടി. 

ശബരിമലയില്‍ യുവതികളെ പ്രവേശിക്കാത്തത് തൊട്ടുകൂടായ്മയുടെ പ്രശ്‌നല്ല. തൊട്ടുകൂടായ്മ ഭരണഘടന പ്രകാരം തെറ്റുതന്നെയാണ്. എന്നാല്‍ തൊട്ടുകൂടായ്മ എന്തൊക്കെയെന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇതിന് അതിവ്യാഖ്യാനം നല്‍കുകയാണ് സുപ്രിം കോടതി ചെയ്തതെന്ന് പരാശരന്‍ പറഞ്ഞു. ഒരാളെ മനുഷ്യനായി കണക്കാക്കാത്ത അവസ്ഥയാണ് തൊട്ടുകൂടായ്മ. ഇത്തരമൊരു സാഹചര്യമല്ല ശബരിമലയില്‍ ഉള്ളതെന്ന് കെ പരാശരന്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്കുള്ള നിയന്ത്രണം പ്രതിഷ്ഠയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ വി ഗിരി പറഞ്ഞു. നൈഷ്ഠിക ബ്രഹ്മചാരിയാണ് ശബരിമലയിലെ പ്രതിഷ്ഠയെന്ന് വി ഗിരി ചൂണ്ടിക്കാട്ടി. 

ക്ഷേത്ര ദര്‍ശനത്തിനു പോവുന്ന ഭക്തര്‍ക്ക് ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യാനാവില്ലെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ പറഞ്ഞു. പ്രതിഷ്ഠയുടെ സ്വഭാവത്തിന് അനുസരിച്ചു മാത്രമേ ആരാധനയ്ക്കുള്ള മൗലിക അവകാശം നിലനില്‍ക്കൂ. പ്രതിഷ്ഠയുടെ പിതൃസ്ഥാനത്തുള്ള തന്ത്രിക്ക് പ്രതിഷ്ഠയുടെ സ്വഭാവം സംരക്ഷിക്കാനുള്ള പ്രത്യേകാവകാശമുണ്ടെന്ന് വി ഗിരി പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കു സുപ്രിം കോടതി ആധാരമാക്കിയ ഭരണഘടനാ ധാര്‍മികതയ്ക്ക് ഭരണഘടനയുടെ പിന്‍ബലമില്ലെന്ന് വി ഗിരി വാദിച്ചു. അത് കോടതി അടുത്തിടെ രൂപപ്പെടുത്തിയ സങ്കല്‍പ്പമാണെന്ന് അദ്ദേഹം പറഞ്ഞു. 

യുവതികള്‍ക്കു പ്രവേശനം വിലക്കിയ ആചാരത്തിന് ജാതിയുമായി ബന്ധമൊന്നുമില്ല. അതുകൊണ്ടുതന്നെ തൊട്ടുകൂടായ്മയുമായി അതിനെ താരതമ്യം ചെയ്യാനാവില്ലെന്ന് വി ഗിരി വാദിച്ചു. ശബരിമല കേസിലെ ഹര്‍ജിക്കാര്‍ ആരും അയ്യപ്പ സ്വാമിയുടെ ഭക്തരാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും വി ഗിരി ചൂണ്ടിക്കാട്ടി. 

അതേസമയം ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. വിധി പുനപ്പരിശോധിക്കാന്‍ പര്യാപ്തമായ ഒരു വാദവും ഉന്നയിക്കാന്‍ ഹര്‍ജികള്‍ നല്‍കിയവര്‍ക്കായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിച്ചു. 

മൂന്നു കാര്യങ്ങളില്‍ സമവായത്തില്‍ എത്തിയാണ് കോടതി ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചതെന്ന് ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാവില്ലെന്നതാണ് ഒന്നാമത്തേത്. ആരാധനയ്ക്കുള്ള ഒരാളുടെ അവകാശം ലംഘിക്കപ്പെടുമ്പോള്‍ അനുച്ഛേദം 25 പ്രകാരമുള്ള മൗലിക അവകാശം ലംഘിക്കപ്പെടുകയാണ് എന്നതാണ് രണ്ടാമത്തേത്. കേരള ക്ഷേത്ര പ്രവേശന നിയന്ത്രണത്തിലെ 3ബി ചട്ടം നിയമത്തിനു വിരുദ്ധമാണ് എന്നതാണ് മൂന്നാമത്തെ കാര്യമെന്ന് ജയദീപ് ഗുപ്ത പറഞ്ഞു. 

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി തൊട്ടുകൂടായ്മയെയും അനുച്ഛേദം 17ന്റെയും അടിസ്ഥാനത്തിലല്ലെന്ന് ജയദീപ് ഗുപ്ത വാദിച്ചു. സ്ത്രീകളെ മാറ്റിനിര്‍ത്തുക എന്നത് ഹിന്ദു മതത്തിന്റെ അനിവാര്യ ആചാരമായി കാണാനാവില്ല. കോടതി അതു കണ്ടെത്തിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്റെ അനിവാര്യമായ ആചാരവും ക്ഷേത്രത്തിലെ അനിവാര്യമായ ആചാരവും തമ്മില്‍ ആശയക്കുഴപ്പമുണ്ടാവരുത്. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങള്‍ ഉണ്ടാവാം. ഇവ ഓരോന്നും പരിശോധിക്കാന്‍ കോടതിക്കാവില്ല. ഓരോ ക്ഷേത്രവും ഓരോ മതവിഭാഗമാണെന്ന വാദത്തിലേക്കാണ് ഇത് എത്തിച്ചേരുകയെന്ന് ജയദീപ് ഗുപ്ത പറഞ്ഞു.

വിവേചനമില്ലായ്മയും തുല്യതയും ഭരണഘടനയില്‍ ഉടനീളം കാണുന്ന മൂല്യങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വിധിയില്‍ ഉയര്‍ത്തിപ്പിടിച്ചത് ഈ മൂല്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സമാധാന അന്തരീക്ഷം തകര്‍ത്തു എന്നത് ഒരു വിധി പുനപ്പരിശോധിക്കുന്നതിനുള്ള കാരണമായി കണക്കാക്കാനാവില്ല. ഭരണഘടന അസാധുവാക്കുന്ന സാഹചര്യം അനുവദിക്കദിക്കാനാവില്ലെന്ന് ജയദീപ് ഗുപ്ത പറഞ്ഞു. 

യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ 56 പുനപ്പരിശോധനാ ഹര്‍ജികളാണ് കോടതിയുടെ പരിഗണിയിലുള്ളത്. ഇവയും നാലു റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി