കേരളം

'ഹര്‍ജികളില്‍ പുതിയ വാദങ്ങളില്ല'; ശബരിമല വിധി പുനപ്പരിശോധിക്കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. വിധി പുനപ്പരിശോധിക്കാന്‍ പര്യാപ്തമായ ഒരു വാദവും ഉന്നയിക്കാന്‍ ഹര്‍ജികള്‍ നല്‍കിയവര്‍ക്കായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിച്ചു. 

മൂന്നു കാര്യങ്ങളില്‍ സമവായത്തില്‍ എത്തിയാണ് കോടതി ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചതെന്ന് ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാവില്ലെന്നതാണ് ഒന്നാമത്തേത്. ആരാധനയ്ക്കുള്ള ഒരാളുടെ അവകാശം ലംഘിക്കപ്പെടുമ്പോള്‍ അനുച്ഛേദം 25 പ്രകാരമുള്ള മൗലിക അവകാശം ലംഘിക്കപ്പെടുകയാണ് എന്നതാണ് രണ്ടാമത്തേത്. കേരള ക്ഷേത്ര പ്രവേശന നിയന്ത്രണത്തിലെ 3ബി ചട്ടം നിയമത്തിനു വിരുദ്ധമാണ് എന്നതാണ് മൂന്നാമത്തെ കാര്യമെന്ന് ജയദീപ് ഗുപ്ത പറഞ്ഞു. 

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി തൊട്ടുകൂടായ്മയെയും അനുച്ഛേദം 17ന്റെയും അടിസ്ഥാനത്തിലല്ലെന്ന് ജയദീപ് ഗുപ്ത വാദിച്ചു. സ്ത്രീകളെ മാറ്റിനിര്‍ത്തുക എന്നത് ഹിന്ദു മതത്തിന്റെ അനിവാര്യ ആചാരമായി കാണാനാവില്ല. കോടതി അതു കണ്ടെത്തിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്റെ അനിവാര്യമായ ആചാരവും ക്ഷേത്രത്തിലെ അനിവാര്യമായ ആചാരവും തമ്മില്‍ ആശയക്കുഴപ്പമുണ്ടാവരുത്. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങള്‍ ഉണ്ടാവാം. ഇവ ഓരോന്നും പരിശോധിക്കാന്‍ കോടതിക്കാവില്ല. ഓരോ ക്ഷേത്രവും ഓരോ മതവിഭാഗമാണെന്ന വാദത്തിലേക്കാണ് ഇത് എത്തിച്ചേരുകയെന്ന് ജയദീപ് ഗുപ്ത പറഞ്ഞു.

വിവേചനമില്ലായ്മയും തുല്യതയും ഭരണഘടനയില്‍ ഉടനീളം കാണുന്ന മൂല്യങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വിധിയില്‍ ഉയര്‍ത്തിപ്പിടിച്ചത് ഈ മൂല്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സമാധാന അന്തരീക്ഷം തകര്‍ത്തു എന്നത് ഒരു വിധി പുനപ്പരിശോധിക്കുന്നതിനുള്ള കാരണമായി കണക്കാക്കാനാവില്ല. ഭരണഘടന അസാധുവാക്കുന്ന സാഹചര്യം അനുവദിക്കദിക്കാനാവില്ലെന്ന് ജയദീപ് ഗുപ്ത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി