കേരളം

'സ്റ്റീഫന്‍ നമ്മള്‍ വിചാരിച്ച ആളല്ല!'; കാര്‍ത്തികേയനെ കടത്തിവെട്ടിയ ശബരി; അരുവിക്കരയില്‍ ആര്?

സമകാലിക മലയാളം ഡെസ്ക്


'സ്റ്റീഫന്‍ നമ്മള്‍ വിചാരിച്ച ആളല്ല!' മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫറിലെ ഈ ഫേമസ് ഡൈലോഗ് ഇത്തവണ ശബരീനാഥനെ കൊണ്ട് പറയിപ്പിക്കുമോ എല്‍ഡിഎഫ്?  ജി കാര്‍ത്തികേയന്‍ എന്ന രാഷ്ട്രീയ അതികായന്റെ ലെഗസി നിലനില്‍ക്കുന്ന അരുവിക്കര മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫിന് അത്ര എളുപ്പമല്ല കാര്യങ്ങള്‍. ഒപ്പത്തിനൊപ്പമാണ് പോരാട്ടം. 

ജി കാര്‍ത്തികേയനെ കടത്തിവെട്ടിയ ശബരീനാഥന്‍

തെക്കന്‍ കേരളത്തിലെ യുഡിഎഫിന്റെ ഉരുക്കു കോട്ടകളിലൊന്നാണ് അരുവിക്കര. പഴയ ആര്യനാട് മണ്ഡലത്തില്‍ തുടങ്ങിയതായിരുന്നു ജി കാര്‍ത്തികേയന്റെ തേരോട്ടം. 1991മുതല്‍ 2015ല്‍ മരിക്കുന്നതുവരെ ജി കാര്‍ത്തികേയന്‍ അരുവിക്കര അടക്കി ഭരിച്ചു. അച്ഛന്റെ മരണത്തിന് പിന്നാലെ മകന്റെ അരങ്ങേറ്റം. 56,448 വോട്ട് നേടി ശബരീനാഥന്‍ വിജയിച്ചു. സിപിഎമ്മിന്റെ എം വിജയകുമാര്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 46,320വോട്ടാണ് വിജയകുമാര്‍ നേടിയത്. 

കെ എസ് ശബരീനാഥന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍/ഫെയ്‌സ്ബുക്ക്‌
 

2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫ് തേരോട്ടം നടന്നപ്പോള്‍ അരുവിക്കര കുലുങ്ങാതെ നിന്നു. 9.30തമാനം വോട്ട് ഉയര്‍ത്തിയ കെ എസ് ശബരീനാഥന്‍ നേടിയത് 70,910വോട്ട്. 2011ലെ തെരഞ്ഞെടുപ്പില്‍ ജി കാര്‍ത്തികേയന്‍ നേടിയ56,797വോട്ടിനെക്കാള്‍ 14,113വോട്ട് കൂടുതല്‍. സിപിഎമ്മിന്റെ എ എ റഷീദ് നേടിയത് 49,596വോട്ട്. 

യൂത്ത് കോണ്‍ഗ്രസിന്റെ നേതൃ സ്ഥാനത്തേക്കുയര്‍ന്ന ശബരി,  നിയമസഭയിലും സംഘടനാ രംഗത്തും മികച്ച ട്രാക്ക് റെക്കോര്‍ഡ് നിലനിര്‍ത്തി. സോഷ്യല്‍ മീഡിയയിലും പുറത്തും സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും നിരന്തരം അക്രമിച്ച ശബരിയെ ഇത്തവണ നിയമസഭയ്ക്ക് പുറത്തുനിര്‍ത്തുക എന്നത് ഇടതുപക്ഷത്തിന്റെ അഭിമാന പ്രശ്‌നമായി. 

പാര്‍ട്ടി വളര്‍ത്തിയ സ്റ്റീഫന്‍ വന്നു, കളം മാറി

ഡി കെ മധുവിനെ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിപിഎം ക്യാമ്പുകളില്‍ ഉയര്‍ന്ന ചര്‍ച്ച. എന്നാല്‍ അപ്രതീക്ഷിതമായൊരു സ്ഥാനാര്‍ത്ഥിയെത്തി, കാട്ടാക്കട ഏര്യ സെക്രട്ടറി ജി സ്റ്റീഫന്‍. അവിടംമുതല്‍ കോണ്‍ഗ്രസ് അപകടം മണത്തു. കളി ഒപ്പത്തിനൊപ്പമാകുമെന്ന് കണക്കുകൂട്ടി. യുഡിഎഫ് കേന്ദ്രങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സ്റ്റീഫനെ പേടിക്കാന്‍ ഇത്രയും എന്തിരിക്കുന്നു എന്നായി രാഷ്ട്രീയ കേരളത്തിന്റെ ചോദ്യം. 

ഉത്തരം പലതായിരുന്നു, ചെറുപ്പകാലത്തെ അനാഥനായ സ്റ്റീഫനെ വളര്‍ത്തി വലുതാക്കിയത് സിപിഎം. പാര്‍ട്ടി ഓഫീസ് വീടാക്കിയ സ്റ്റീഫന്‍, ജനങ്ങള്‍ക്കിടയില്‍ വേരുള്ളവന്‍. എസ്എഫ്‌ഐയിലൂടെ സംഘടനാരംഗത്തെത്തിയ സ്റ്റീഫന്‍, 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോട്ടയായ കിള്ളി കുരിശടി വാര്‍ഡ് പിടിച്ചെടുത്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് രംഗത്തു വരവറിയിച്ചത്.

അട്ടിമറി വിജയം നേടിയതിന് പിന്നാലെ കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം സ്റ്റീഫനെ ഏല്‍പ്പിച്ചു. കാട്ടാക്കടയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. 2010ലും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം തുടര്‍ച്ചയായി ആറുതവണ കാട്ടാക്കട പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി.

ചരിത്രം ആവര്‍ത്തിക്കാനാണ് സ്റ്റീഫന്റെ വരവെന്നാണ് എല്‍ഡിഎഫ് ക്യാമ്പുകള്‍ ആവര്‍ത്തിച്ചു പറയുന്നത്. ജി കാര്‍ത്തികേയന്റെ ഓര്‍മ്മകളുറങ്ങുന്ന മണ്ണ് അങ്ങനൊന്നും ചെങ്കൊടി നാട്ടാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിക്കുന്നു യുഡിഎഫ്. 

വോട്ടുയര്‍ത്താന്‍ ബിജെപി

ത്രികോണ മത്സരത്തിന് സാധ്യതയില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുയര്‍ത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 20,294വോട്ടാണ് 2016ല്‍ ബിജെപിയ്ക്ക് വേണ്ടിയിറങ്ങിയ ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ നേടിയത്. ഇത്തവണ സി ശിവന്‍കുട്ടിയെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ