കേരളം

എംഎല്‍എയുടെ കാര്‍  തകര്‍ത്തത്‌ ഇന്നത്തെ 'ഒറ്റപ്പെട്ട സംഭവം'; പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം: വി ഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരോ ദിവസവും 'ഒറ്റപ്പെട്ട സംഭവങ്ങള്‍' കേരളത്തില്‍ ആവര്‍ത്തിക്കുന്നു. കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ക്രിമിനല്‍ കേസുകളിലെ സ്ഥിരം പ്രതിയായ ഒരാള്‍ അടിച്ചു തകര്‍ത്തു എന്നതാണ് ഇന്നത്തെ 'ഒറ്റപ്പെട്ട സംഭവം'.- സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗര ഹൃദയത്തില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വാളുമായി എത്തിയ ക്രിമിനല്‍ വെട്ടിക്കൊന്നു. മലപ്പുറത്ത് തളന്നു കിടക്കുന്ന മാതാവിന്റെ മുന്നില്‍ വച്ച് മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ ഗുണ്ട ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. ജയിലില്‍ നിന്നും പുറത്തുവന്നാല്‍ പെണ്‍കുട്ടിയെയും സാക്ഷിമൊഴി പറഞ്ഞവരെയും കൊല്ലുമെന്നും അയാള്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. കേരളത്തില്‍ ഗുണ്ടകളെ നിയന്ത്രിക്കാനോ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ഒരു നടപടിയും സര്‍ക്കാരോ ആഭ്യന്തര വകുപ്പോ സ്വീകരിക്കുന്നില്ല. ഇക്കാര്യം കഴിഞ്ഞ ദിവസവും പ്രതിപക്ഷം അടിയന്തിര പ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ എല്ലാം ഭദ്രമാണെന്ന മറുപടി നല്‍കിയ മുഖ്യമന്ത്രി ക്രമസമാധാന നില തകര്‍ന്നെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. 

കേരളത്തിലെ ഗുണ്ടാ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സിപിഎം നേതാക്കളാണ്. സിപിഎം നേതാക്കളുടെയും സര്‍ക്കാരിന്റയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും മയക്കുമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയാതെ വരുന്നത്. പഴയകാല സെല്‍ ഭരണത്തിന്റെ ഭീതിതമായ പുതിയ രൂപമാണ് ഭരണത്തില്‍ പാര്‍ട്ടി ഇടപെടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉടന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍