കേരളം

'ബിനോയ് പറഞ്ഞത് യാഥാര്‍ത്ഥ്യം'; കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാന്‍ സാധിക്കില്ല: പിന്തുണച്ച് കാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആസ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാന്‍ സാധിക്കില്ലെന്ന ബിനോയ് വിശ്വം എംപിയുടെ നിലപാടിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിന് വ്യത്യസ്ത നിലപാട് ഉണ്ടായേക്കാം. അതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാര്‍ട്ടികളായി തുടരുന്നതെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു. 

'ഇന്ത്യയൊട്ടാകെ ബിജെപിയെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷമുണ്ട്. പക്ഷേ കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആ വിടവിലേക്ക് എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷം തന്നെ വരണമെന്നില്ല. മറ്റു പപലരും വരും. ബിനോയ് വിശ്വം യാഥാര്‍ത്ഥ്യമാണ് പറഞ്ഞത്. സിപിഎമ്മിന് വ്യത്യസ്ത നിലപാട് ഉണ്ടായേക്കാം. അതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാര്‍ട്ടികളായി തുടരുന്നത്. കേരളത്തില്‍ ഇത് ബാധകമല്ലെന്ന് ബിനോയ് വിശ്വം തന്നെ പറഞ്ഞിട്ടിട്ടുണ്ട്.'കാനം പറഞ്ഞു. 

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങളെ ലഘൂകരിക്കുന്ന തരത്തിലും കാനം പ്രതികരണം നടത്തി. സമൂഹത്തെ ഒറ്റയടിക്ക് മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല. എല്ലാക്കാലത്തും പൊലീസിന് എതിരെ വിമര്‍ശനമുണ്ടായിട്ടുണ്ട്. ആഭ്യന്തര വകുപ്പോ മന്ത്രിയോ ഇത്തരം കാര്യങ്ങള്‍ അറിയണമെന്നില്ല. തെറ്റുകണ്ടാല്‍ ശിക്ഷിക്കുകയും തിരുത്തുകയുമാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. 

ദേശീയതലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. പിടി തോമസ് അനുസ്മരണ യോഗത്തിലായിരുന്നു ബിനോയ് വിശ്വസത്തിന്റെ പ്രസ്താവന. കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍എസ്എസ് ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കു മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകാന്‍ പോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങള്‍. അതുകൊണ്ട് പറയുകയാണ്, കേരളത്തിലെ തര്‍ക്കങ്ങളെല്ലാം ഇരിക്കത്തന്നെ ഞാന്‍ പറയുന്നു- കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താനുള്ള കെല്‍പ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെങ്കില്‍ നെഹ്‌റുവിനെ ഓര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് തകരാതിരിക്കാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്'-ബിനോയ് വിശ്വം പറഞ്ഞു.

കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് ഇടതുപക്ഷത്തെ പ്രധാന പാര്‍ട്ടിയായ സിപിഎം നിലപാടെടുത്തിരിക്കെയാണ്, സിപിഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാടണെന്നാണ് സിപിഎം പിബി വിലയിരുത്തിയത്.രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗം ഇതിന്റെ ഉദാഹരണമാണ്. ബിജപിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക കക്ഷികളാണെന്നും പിബി യോഗം വിലയിരുത്തി.

കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ ശക്തമായ അഭിപ്രായ ഭിന്നത സിപിഎമ്മിന്റെ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും ഉണ്ടായിരുന്നു. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനൊപ്പം പശ്ചിമ ബംഗാള്‍ പോലുള്ള ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യമാകാമെന്നാണ് കഴിഞ്ഞ പിബിയിലും ധാരണയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്