Anupam Nath
Anupam Nath
ലേഖനം

ഇണ ചേരാത്ത പിടിയാനകളെ കുത്തിക്കൊല്ലുന്ന കൊമ്പനാനകള്‍

ജെ.ആര്‍ അനി

ന്നൊരു ഞായറാഴ്ചയായിരുന്നു. വീട്ടില്‍ പത്രം വായിച്ച ശേഷം വെറുതെ മടിപിടിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് റെയിഞ്ച് ഓഫീസറുടെ നമ്പര്‍ മൊബൈലില്‍ തെളിയുന്നത്. ഞായറാഴ്ചകളില്‍ രാവിലെ ഇത്തരം വിളി പതിവില്ലാത്തതാണ്. ഉടനെ ഫോണ്‍ കടന്നെടുത്തു.

''സര്‍, ഉമയാറിനടുത്ത് ഒരു ആന ചെരിഞ്ഞിട്ടുണ്ട്. ബീറ്റ് പോയ സ്റ്റാഫും വാച്ചറന്മാരുമാണ് രാവിലെ അത് കണ്ടത്.''

ശരിക്കും അയാളെ മുഴുവന്‍ പറയാന്‍ അനുവദിച്ചില്ല. അതിനും മുമ്പ് ചോദിച്ചുപോയി. ''എത്ര ദിവസത്തെ പഴക്കം വരും? കൊമ്പുകളുണ്ടോ?''

അതങ്ങനെയാണ്. ഏതൊരു ഫോറസ്റ്റ് ഉദ്യോഗസ്ഥനും ആന ചെരിഞ്ഞുവെന്ന് കേട്ടാല്‍ ഏറ്റവും ഭയപ്പെടുന്നത് അതാണ്. ആനക്കൊമ്പുകളാണല്ലോ ഏറ്റവും വിലപിടിപ്പുള്ള വസ്തു. ആന ചരിഞ്ഞുവെന്ന് കേട്ടാല്‍ വേട്ടയായിരിക്കുമോ എന്ന സംശയമായിരിക്കും ആദ്യം മനസ്സില്‍ മുന്നിട്ടുനില്‍ക്കുന്നത്, കൊമ്പുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഏറെയും. ഇനി വേട്ടയല്ലെങ്കില്‍ക്കൂടി കൊമ്പുകള്‍ കണ്ടെത്തിയേ തീരൂ. വേട്ടയാണെങ്കിലോ പിന്നെ അന്വേഷണമായി അറസ്റ്റായി തൊണ്ടി കണ്ടെത്തലായി ചാര്‍ജ്ജ് കൊടുക്കലായി കേസ് നടത്തിക്കലായി അതങ്ങനെ നീളും! ശെന്തുരുണി വന്യജീവിസങ്കേതത്തില്‍ അത്തരത്തില്‍ ആനവേട്ടകളോ പ്രമാദമായ നായാട്ട് കേസുകളോ ഒന്നും തന്നെ സമീപഭാവിയിലൊന്നും ഉണ്ടായിട്ടില്ലായെന്ന് അറിയാം. എന്നിരുന്നാലും അങ്ങനെയാണ് ചോദിച്ചത്!

''പിടിയാണ് സാര്‍. തേറ്റകളൊക്കെ ഉണ്ട്... രണ്ടാഴ്ചയ്ക്കു മുകളില്‍ പഴക്കം വരും. എന്നിരുന്നാലും...'' അയാള്‍ അര്‍ദ്ധോക്തിയില്‍ നിറുത്തി.

''എന്നിരുന്നാലും... എന്നുവച്ചാല്‍... എന്തെങ്കിലും പ്രശ്‌നമുണ്ടോ?''

''ഏയ്... അങ്ങനെ ഒന്നുമില്ല. ഞാന്‍ കൊല്ലത്തേയും കോന്നിയിലേയും വെറ്ററിനറി ഡോക്ടറന്മാരെ വിളിച്ചുപറഞ്ഞിട്ടുണ്ട്. ഇനി ഒരു ഡോക്ടറെക്കൂടി വേണമോ എന്നറിയാനാ? പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളും തിരുവനന്തപുരത്തുനിന്നും പുനലൂരുനിന്നും കാലത്ത് എട്ട് മണിയോടുകൂടിത്തന്നെ എത്തും.''

കടുവകളുടേയും പുലികളുടേയും പോസ്റ്റ്‌മോര്‍ട്ടത്തിന് National Tiger Conservation Authority (NTCA)-യുടെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉള്ളതുപോലെ ആനകളുടെ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പുത്തന്‍ നിഷ്‌കര്‍ഷകളെക്കുറിച്ചായിരുന്നു ആ പരാമര്‍ശങ്ങള്‍.

''നോക്കട്ടെ. ആവശ്യമെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തുനിന്നും കൂട്ടിക്കൊണ്ട് വരാം. എന്തായാലും രാവിലെ ഏഴരയോടുകൂടി ഞാനങ്ങെത്താം. ബോട്ട് റെഡിയാക്കി നിറുത്തിക്കോളൂ. ഓഫീസില്‍നിന്ന് ഹെഡ്ക്വാര്‍ട്ടേഴ്സിലേയ്ക്ക് മെസ്സേജ് കൊടുക്കാന്‍ പറയൂ.''

ഫോണ്‍ വച്ചതിനു ശേഷവും റേഞ്ച് ഓഫീസര്‍ പാതിയില്‍ നിറുത്തിയ ആ വാചകത്തിന്റെ പൂര്‍ണ്ണ സാധ്യതകളെപ്പറ്റി തെല്ലിട ചിന്തിച്ചിരുന്ന് ഞാന്‍ ചര്യകളിലേയ്ക്ക് തുടര്‍ന്ന് വ്യാപരിച്ചു. പിറ്റേന്ന് രാവിലെ ശെന്തുരുണിയിലെത്തുമ്പോള്‍ സജ്ജീകരണങ്ങളെല്ലാം റെഡിയായിരുന്നു. വിവരമറിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ചുള്ളിമാനൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും സ്റ്റാഫുകളും എത്തിയിട്ടുണ്ട്. ഇടവപ്പാതിക്കാലമായെങ്കിലും ശക്തമായ പെയ്ത്ത് തുടങ്ങിയിരുന്നില്ല. എങ്കിലും ആവശ്യമായ മുന്‍കരുതലുകളെടുത്ത് ബോട്ടില്‍ ഞങ്ങള്‍ യാത്ര തിരിച്ചു. ശെന്തുരുണി റിസര്‍വ്വോയറിലൂടെയുള്ള ബോട്ടിലെ യാത്ര രണ്ട് മണിക്കൂറിനുമേല്‍ എടുത്തിരിക്കണം. ജലസംഭരണിയില്‍ വെള്ളം തീരെ കുറവായിരുന്നതിനാല്‍ ഉമയാറിലെ 'ആന്റി പോച്ചിംഗ് ക്യാമ്പ്' (Anti-Poaching Camp Shed) ഷെഡ്ഡിനടുത്തേയ്ക്ക് അപ്പോള്‍ ബോട്ട് പോകുമായിരുന്നില്ല. തന്നെയുമല്ല പവര്‍ ജനറേഷനും ഇറിഗേഷനുമായി ഡാമിലെ ഷട്ടറുകള്‍ തുറന്നുവിട്ടിരുന്നതു കാരണം വെള്ളം വറ്റി ജലസംഭരണിയില്‍ അങ്ങേയറ്റത്ത് പലയിടത്തും അടിഞ്ഞുകൂടിയ മണല്‍ത്തിട്ടകളില്‍ ബോട്ട് ഇടയ്ക്കിടെ ഉറച്ചുപോയതിനാല്‍ ഡ്രൈവര്‍ സിയാദും സ്രാങ്ക് ജോസും ഉള്‍പ്പെടെ നീന്തലറിയാവുന്ന രണ്ടു മൂന്നാളുകള്‍ ഇടയ്ക്കിടയ്ക്ക് ആഴം കുറഞ്ഞ ഭാഗങ്ങളിലെ അരയൊപ്പം വെള്ളത്തില്‍ ഇറങ്ങിനിന്ന് അക്ഷരാര്‍ത്ഥത്തില്‍ ബോട്ട് തള്ളി മുന്നോട്ട് നീക്കുകയായിരുന്നു.

പിറ്റേന്ന് രാവിലെ വീണ്ടും ആനയുടെ ചിന്നംവിളികള്‍ കേട്ടപ്പോഴാണ് ഭയന്നിട്ടാണെങ്കിലും അവര്‍ സൂക്ഷിച്ച് പുറത്തേയ്ക്കിറങ്ങി നോക്കിയത്. ഏറെയകലെയല്ലാതെ കാനനപാതയുടെ ഒത്തനടുക്ക് ഒരു പിടിയാന വയറുപൊട്ടി പണ്ടം അപ്പാടെ പുറത്തുചാടി ചത്തുകിടക്കുന്നതാണ് അപ്പോള്‍ കണ്ട കാഴ്ച!

വനാന്തരത്തിലേയ്ക്ക് കാല്‍നടയായി

ആനയുടെ ജഡം കിടക്കുന്നിടത്ത് എത്താനായി ഉമയാര്‍ ക്യാമ്പില്‍നിന്ന് വീണ്ടും അഞ്ച് കിലോമീറ്ററെങ്കിലും കാട്ടിലൂടെ നടക്കണം. അത്യാവശ്യത്തിന് ആഹാരപ്പൊതികളും വെള്ളവും കൂടെ കരുതി. വെറ്ററിനറി ഡോക്ടറന്മാര്‍ സാമ്പിളുകള്‍ ശേഖരിക്കാനായി വേണ്ടുന്ന തയ്യാറെടുപ്പുകളും നടത്തുന്നുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടവും രാസപരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുന്നതും കഴിഞ്ഞ് 'കാര്‍ക്കസ്' (Carcass - വന്യജീവികളുടെ ശവശരീരം) കത്തിച്ച് നശിപ്പിക്കുന്നതിനായി കാട്ടില്‍നിന്നും ഉണങ്ങിക്കിടക്കുന്ന വിറകുകള്‍ ശേഖരിക്കേണ്ടതുണ്ട്. അതിനായി പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന 'ചെയിന്‍ സോയും' (Chain saw) മഴയായതിനാല്‍ വിറക് കത്താന്‍ വിഷമം നേരിടുമെന്ന് സംശയിച്ച് ഒരു കന്നാസില്‍ പെട്രോളുമായി നാല് വാച്ചറന്മാര്‍ വഴിതെളിച്ച് മുന്‍പേ നടന്നുതുടങ്ങി.

വഴിയില്‍ അരമണിക്കൂര്‍ എങ്കിലും പിന്നിട്ടുകാണണം. ചെറിയൊരു കയറ്റം കഴിഞ്ഞുള്ള വളവിലെത്തിയപ്പോഴാണ് റെയിഞ്ച് ഓഫീസര്‍ സുധീര്‍ തന്നെ ആ കഥ പറഞ്ഞുതുടങ്ങിയത്. മുന്‍പുള്ള രണ്ട് വര്‍ഷങ്ങളിലും ഇതേ സമയത്ത് അതായത് മേയ് - ജൂണ്‍ മാസങ്ങളില്‍ ആ പ്രദേശത്ത് ഓരോ പിടിയാനകള്‍ കൊല്ലപ്പെട്ടിരുന്നുവത്രേ. കഴിഞ്ഞ വര്‍ഷം ഉമയാര്‍ ക്യാമ്പ് ഷെഡ്ഡിന്റെ തൊട്ടടുത്തുള്ള ട്രക്ക് പാത്തിലാണ് ഒന്ന് ചത്ത് കിടന്നിരുന്നത്. രാത്രി ആനകളുടെ അലര്‍ച്ചയും ചിന്നം വിളിയും ഉള്‍പ്പെടെ എന്തൊക്കെയോ ബഹളങ്ങള്‍ കേട്ടിരുന്നു. കാട്ടാനക്കൂട്ടങ്ങള്‍ തൊട്ടടുത്തുള്ള ഉണക്കത്തോടെന്ന ഓലിയില്‍ വെള്ളം കുടിക്കാനെത്തുന്നതും അവിടത്തെ ചൂരല്‍ക്കാടുകളില്‍ തങ്ങിനിന്ന് വൃക്ഷങ്ങളുടേയും വള്ളികളുടേയും തൊലിയുരിച്ച് തിന്നുന്നതുമൊക്കെ പതിവായതിനാല്‍ കഴിവതും രാത്രിയായാല്‍പ്പിന്നെ സ്റ്റാഫുകളോ വാച്ചറന്മാരോ നിബിഡവനത്തിനുള്ളിലെ ആ ക്യാമ്പ് ഷെഡ്ഡിനു ചുറ്റുമുള്ള ആനക്കിടങ്ങുകള്‍ക്കും അതിനെ വലയം ചെയ്ത് നില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതവേലിക്കും പുറത്തേയ്ക്കിറങ്ങാറില്ല.

പിറ്റേന്ന് രാവിലെ വീണ്ടും ആനയുടെ ചിന്നംവിളികള്‍ കേട്ടപ്പോഴാണ് ഭയന്നിട്ടാണെങ്കിലും അവര്‍ സൂക്ഷിച്ച് പുറത്തേയ്ക്കിറങ്ങി നോക്കിയത്. ഏറെയകലെയല്ലാതെ കാനനപാതയുടെ ഒത്തനടുക്ക് ഒരു പിടിയാന വയറുപൊട്ടി പണ്ടം അപ്പാടെ പുറത്തുചാടി ചത്തുകിടക്കുന്നതാണ് അപ്പോള്‍ കണ്ട കാഴ്ച! വാച്ചറന്മാരെ കാണ്‍കെ ജഡത്തിനരികെനിന്നും തുമ്പി മുന്നിലേയ്ക്ക് ചുരുട്ടിപ്പിടിച്ച് വാലുയര്‍ത്തി ഒരു വലിയ പന്തിന്റെ രൂപത്തില്‍ ഭീഷണമായി തലകുലുക്കി ചെമ്മണ്ണിന്‍ പൊടി പാറിച്ചും ദിഗന്തം വിറപ്പിക്കുന്ന ചിന്നം വിളിയോടെയും പാഞ്ഞടുക്കുന്ന ഒരു കാട്ടുകൊമ്പന്‍! അതെ, അവന്‍ തന്നെയായിരുന്നു ആ പിടിയേയും അതിനു തൊട്ടു മുന്‍പത്തെ വര്‍ഷം ആ പ്രദേശത്തുതന്നെ മറ്റൊരു പിടിയാനയേയും നിഷ്‌കരുണം കാലപുരിക്ക് അയച്ചതും! ജീവന്‍ രക്ഷിക്കാനായി വാച്ചറന്മാര്‍ ക്യാമ്പിലേയ്ക്ക് തിരിച്ചോടുമ്പോഴും കാട്ടാനയുടെ ഭീഷണമായ ചൂര് താന്താങ്ങളെ പിന്‍പറ്റുന്നത് അവര്‍ അറിഞ്ഞു.

മദയാനകളെ ഇണചേരുന്നതില്‍നിന്നും ഒഴിവാക്കാനായി നിലത്തിരുന്നുകളയുന്ന പിടിയാനകളെ നീറ്റിലായിരുന്ന ചുള്ളിക്കൊമ്പന്‍ ഉന്മാദാവസ്ഥയില്‍ കുത്തിക്കൊന്നതായാണ് തുടര്‍ന്നുവന്ന കണ്ടെത്തലുകള്‍!

ആനകളിലെ മദപ്പാട്

ആ ഒറ്റയാനെ പിന്നീട് പലപ്പോഴും വാച്ചറന്മാരില്‍ പലരും കണ്ടിട്ടുണ്ട്. കാട്ടില്‍വച്ച് കാണാറുണ്ടെങ്കിലും നീരിലാകുമ്പോഴാണ് അവന്‍ അക്രമാസക്തനാകുന്നതും മനുഷ്യരെ വിരട്ടിയോടിക്കുന്നതും എന്ന് അവര്‍ സാക്ഷ്യം പറഞ്ഞു. മദപ്പാടുണ്ടാകുന്ന സമയത്ത് ആണാനകളുടെ ശരീരത്തില്‍ പുരുഷഹോര്‍മോണുകളുടെ (Testosterone) അളവ് സാധാരണയില്‍നിന്നും 60 ശതമാനത്തോളം വര്‍ദ്ധിക്കുമെന്നും അതുകൊണ്ടുതന്നെ ഇണ ചേരാനുള്ള ആസക്തി അവറ്റകള്‍ക്ക് പതിന്മടങ്ങ് കൂടിയിരിക്കുമെന്നും പറയപ്പെടുന്നു. ശരിക്കും പ്രായപൂര്‍ത്തിയെത്തിയതും ആരോഗ്യമുള്ളവരുമായ ആണാനകള്‍ക്കു മാത്രമേ മദപ്പാട് ഉണ്ടാകാറുള്ളൂ എന്നതും സത്യമാണ്. (മഖ്ന (Makhna) അഥവാ മോഴകള്‍ എന്നു വിളിക്കുന്ന കൊമ്പില്ലാത്ത ആണാനകള്‍ക്കും മദപ്പാട് ഉണ്ടാകുക പതിവാണ്). മദപ്പാട് ഒരു മാസം മുതല്‍ രണ്ട് - മൂന്ന് മാസങ്ങള്‍ വരെയോ അതിലധികമോ നീണ്ടുനില്‍ക്കുന്നത് സാധാരണയും. മദപ്പാടു കാലത്ത് വര്‍ദ്ധിത വീര്യരായി ഇണചേരാനെത്തുന്ന ആണാനകള്‍ക്ക് അവസരമൊരുക്കാനായി മറ്റ് ആണാനകള്‍ രജസ്വലകളായ പിടികളുള്‍പ്പെടുന്ന ആനക്കൂട്ടത്തില്‍നിന്ന് മാറിക്കൊടുക്കാറുണ്ടത്രേ. അതുകൊണ്ടുതന്നെ ആനകളില്‍ ജനിതക വൈവിധ്യം (Genetic diversity) കാത്തുസൂക്ഷിക്കാനായി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു പ്രതിഭാസമാണ് 'മദപ്പാട് കാലം' (Musth Period) എന്നും പറയുന്നു.

പക്ഷേ, ഇവിടെ സംഭവിച്ചിരിക്കുന്നത് അതിനും അപ്പുറമുള്ള കാര്യമാണ്. പുരുഷ സംയോഗത്തിന് വഴിപ്പെടാത്ത പിടിയാനകളെയാണ് തീര്‍ത്തും ഉന്മാദാവസ്ഥയില്‍ നില്‍ക്കുന്ന മത്തഗജം ഇവിടെ കാലപുരിക്കയച്ചിരിക്കുന്നത്! ചില അവസരങ്ങളിലെങ്കിലും ഇത്തരത്തില്‍ ഇണ ചേരാനെത്തുന്ന മദയാനകള്‍ക്ക് വശംവദരാകാത്ത പിടികളെ കൊമ്പനാനകള്‍ കുത്തിക്കൊല്ലുക പതിവത്രേ! മുന്‍പ് കേരളത്തിലെത്തന്നെ ഒരു കടുവാസങ്കേതത്തിലെ (Tiger Reserve) കാടുകളില്‍ ഒരു പ്രത്യേക സീസണില്‍ അടിക്കടി പിടിയാനകളുടെ ജഡങ്ങള്‍ കാണപ്പെടുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാട്ടില്‍ മദപ്പാടില്‍ അലഞ്ഞിരുന്ന ഒരു 'ചുള്ളിക്കൊമ്പന്‍' (മെലിഞ്ഞ നീണ്ടുകൂര്‍ത്ത കൊമ്പുകളുള്ള കൊമ്പനാന) ആണ് അതിനുത്തരവാദി എന്നും പിന്നീട് കണ്ടെത്തിയതും സര്‍വ്വീസില്‍ ഞാന്‍ കേട്ടിട്ടുമുണ്ട്. മദയാനകളെ ഇണചേരുന്നതില്‍നിന്നും ഒഴിവാക്കാനായി നിലത്തിരുന്നുകളയുന്ന പിടിയാനകളെ നീറ്റിലായിരുന്ന ചുള്ളിക്കൊമ്പന്‍ ഉന്മാദാവസ്ഥയില്‍ കുത്തിക്കൊന്നതായാണ് തുടര്‍ന്നുവന്ന കണ്ടെത്തലുകള്‍! അതൊരുവേള തമ്മിലുള്ള പോരാട്ടം കാരണമുണ്ടായ സ്വാഭാവിക മരണമെന്ന ലേബലില്‍ ഫീല്‍ഡ് തലത്തില്‍ ഒതുങ്ങിപ്പോയിരിക്കാം.

ശെന്തുരുണി വനത്തിലെ നിഷ്ഠുരനായ ഈ കാട്ടുകൊമ്പനെ ഇപ്പോള്‍ ചില വാച്ചറന്മാരെങ്കിലും ഓടുന്ന തീവണ്ടിയില്‍വച്ച് മനുഷ്യത്വരഹിതമായ കുറ്റകൃത്യം ചെയ്ത നരാധമന്റെ പേരിട്ടാണ് രഹസ്യമായി വിളിക്കുന്നതെന്നും മൊബൈലില്‍ സ്റ്റാഫുകളിലൊരാള്‍ ഫീല്‍ഡ് സഞ്ചാരത്തിനിടയില്‍ എപ്പോഴോ എടുത്ത ആ കൊമ്പനാനയുടെ അത്രമേല്‍ വ്യക്തമല്ലാത്ത ഒരു ചിത്രം കാട്ടിക്കൊണ്ട് റെയിഞ്ചര്‍ ശബ്ദം താഴ്ത്തി പറഞ്ഞുനിറുത്തി. ഇവിടത്തെ കൊമ്പന്റേയും മദപ്പാട് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും തുടര്‍മരണങ്ങള്‍ നടന്ന മേയ് - ജൂണ്‍ മാസങ്ങളില്‍ ആണെന്നുകൂടി പറഞ്ഞറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിപ്പോയിരുന്നു. കാരണമറിയാത്ത ഒരു നോവിന്റെ അലകള്‍ ഉള്ളില്‍ ചോരച്ചുവപ്പായി പടരുന്നതു പോലെ. അകാലമൃത്യുക്കളുടെ ഗദ്ഗദങ്ങള്‍ കിനാവള്ളി ഗ്രാഹികളെന്നോണം ഉള്ളകം തുളയ്ക്കുന്നുവോ?

പിന്നെയും മൂന്ന് കിലോമീറ്ററെങ്കിലും നടന്നിരിക്കണം. ആരും അധികമൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. കൃത്യസ്ഥലം അടുക്കുന്തോറും ഉള്ളില്‍ കാരണമറിയാത്ത ഉല്‍ക്കണ്ഠകള്‍ പെരുകുന്നതുപോലെ. ഇപ്പോള്‍ മുന്നേ പോയവര്‍ കാട്ടിനകത്ത് വീണുകിടക്കുന്ന മരങ്ങളില്‍നിന്നും ഉണക്കവിറക് ശേഖരിക്കുന്ന ശബ്ദം കേള്‍ക്കാം. അവസാനം സ്ഥലത്തെത്തിയപ്പോള്‍ കാട്ടുവഴിയുടെ വലതുവശത്തായി താഴോട്ടുള്ള ഇറക്കത്തില്‍ കമ്യൂണിസ്റ്റ് പച്ചകളും കാട്ടുപൊന്തകളും ചതഞ്ഞൊടിച്ചും മൂടോടെ പിഴുതും കിടക്കുന്നു! അതിനുമപ്പുറം ചെറുമരങ്ങള്‍ കൂടി ഒടിഞ്ഞും മണ്ണ് കുത്തിയിളക്കിയ നിലയിലും കുരുക്ഷേത്ര ഭൂമിയെന്നോണം അപ്പാടെ തെളിഞ്ഞുകിടക്കുന്ന തുറസ്സ്. വായു കനംകെട്ടിക്കിടക്കുന്ന അവിടത്തെ അന്തരീക്ഷത്തില്‍ വല്ലാത്ത ആനച്ചൂരും അഴുകിയ മാംസത്തിന്റെ രൂക്ഷമായ ഗന്ധവും തങ്ങി നിന്നിരുന്നു. ശരിക്കും ഒരു യുദ്ധഭൂമിയില്‍ അകപ്പെട്ട പ്രതീതി. കാട്ടാനകള്‍ തമ്മിലുള്ള പൊരിഞ്ഞ പോര് നടന്നതിന്റെ സര്‍വ്വ ലക്ഷണങ്ങളും പേറുന്ന ഇടം!

അമ്പരപ്പോടെ ചുറ്റിനും നോക്കുമ്പോള്‍ നിലത്ത് ഒരാനയുടെ ജീര്‍ണ്ണിച്ച ശരീരാവശിഷ്ടങ്ങളും വയറുപൊട്ടി പുറത്ത് ചാടി ദ്രവിച്ച് മണ്ണിനോട് ചേര്‍ന്നു തുടങ്ങിയ ആനപ്പിണ്ടങ്ങളും. ഉച്ചത്തില്‍ ആര്‍ക്കുന്ന വലിയ ഈച്ചകളും വണ്ടുകളും ബഹുവര്‍ണ്ണങ്ങളായ കുറെ ചിത്രശലഭങ്ങളും അവയിലൊക്കെ ആഹാരം തേടുന്നു. ഒപ്പം നിലത്തു വേര്‍പെട്ടു കിടക്കുന്ന നാമമാത്രമായി മാത്രം മാംസം ശേഷിക്കുന്ന ഭീമന്‍ തലയോട്ടിയും അതിന് ചുറ്റുമായി ചിതറിക്കിടക്കുന്ന നടകളുടേയും (മുന്‍കാലുകള്‍) അമരത്തിന്റേയും (പിന്‍കാലുകള്‍) തൊലിയിളകിപ്പോയ അസ്ഥികളും അനേകങ്ങളായ വാരിയെല്ലുകളും. വനാന്തരത്തിലെ മാംസാഹാരികളായ അനേകം ജീവികള്‍ക്ക് ആ ചേതനയറ്റ ശരീരം നാളുകളായി ചാകരയൊരുക്കിയിരിക്കണം. അതിനുമപ്പുറത്ത് അഴുകി വേര്‍പെട്ട് കാട്ടുപന്നികളോ കാട്ടുനായ്ക്കളോ മുള്ളന്‍പന്നികളോ ഒക്കെ വലിച്ചിഴച്ചുകൊണ്ടുപോയ അവശിഷ്ടങ്ങളോടൊപ്പം വേര്‍പെട്ടുപോയ 'ചെരുപ്പുകള്‍' എന്നറിയപ്പെടുന്ന കട്ടിത്തൊലിയുള്‍പ്പടെയുള്ള ആനകളുടെ നഖമുള്‍പ്പെടുന്ന കാല്‍പ്പാദങ്ങളുടെ ചുവടുകള്‍. അതിനുമപ്പുറം അനാഥമായി കിടക്കുന്ന ഒന്നരയടിയെങ്കിലും നീളവും കഷ്ടി ഒരു കിലോയ്ക്ക് താഴെ മാത്രം ഭാരവും വരുന്ന രണ്ട് തേറ്റകള്‍. (പിടിയാനകള്‍ക്കും മോഴകള്‍ക്കും തേറ്റകള്‍ കാണും.)

സമയം വൈകിയിരിക്കുന്നു. പോരാത്തതിനു മൂടിക്കെട്ടിയ ആകാശവും. അപ്പോഴേയ്ക്കും കാര്‍മേഘങ്ങള്‍ മൂടിയ ആകാശത്തുനിന്ന് പ്രകൃതിയുടെ കണ്ണീരെന്നോണം മഴത്തുള്ളികള്‍ വല്ലാത്ത ഒരാരവത്തോടെ നിലത്താഞ്ഞു പതിച്ചു തുടങ്ങി.

ഇണയും ഇരയും

സ്റ്റാഫുകള്‍ അളവുകളും ചിത്രങ്ങളും എടുത്ത് മഹസ്സര്‍ തയ്യാറാക്കിയ ശേഷം ജഡാവശിഷ്ടങ്ങള്‍ കൈമാറി വാങ്ങിയ വെറ്ററിനറി ഡോക്ടറന്മാരുടെ ഊഴമായിരുന്നു പിന്നീട്. ആനയുടെ തലയോട്ടിയിലെ പല്ലിന്റെ വിന്യാസം അനുസരിച്ചാണ് അതിന്റെ വയസ്സ് കണക്കാക്കുന്നത്. ഒരാനയുടെ ആയുസ്സില്‍ ആറ് നിര പല്ലുകള്‍ വരുമെന്നാണ് കണക്ക്. തലയോട്ടിയിലെ തന്നെ നിമ്നോന്നതങ്ങള്‍ നോക്കിയാണ് ലിംഗനിര്‍ണ്ണയം. ആ പിടിയാനയ്ക്ക് പത്ത് വയസ്സോളം മതിക്കുമെന്നായിരുന്നു ഡോക്ടറന്മാരുടെ വിലയിരുത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തിനും മഹസ്സറിനും സാമ്പിള്‍ ശേഖരണത്തിനും ശേഷം തേറ്റകള്‍ പൊതിഞ്ഞെടുത്തു. അപ്പോഴേയ്ക്കും ശേഖരിച്ചെത്തിച്ച കാട്ടുവിറകുകള്‍ കൂട്ടിയടുക്കി അതിന്മേല്‍ ബാക്കിയായ ശരീരാവശിഷ്ടങ്ങള്‍ കൂട്ടിവച്ച് തീ കത്തിച്ചു.

ശേഷം വെറ്ററിനറി ഡോക്ടറന്മാരോടൊപ്പം മടക്കയാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. അപ്പോഴേയ്ക്കും മഴ ചാറിത്തുടങ്ങി. അതോടെ വാച്ചറന്മാരും സ്റ്റാഫുകളും കത്തുന്ന വിറകുകള്‍ക്കു മുകളില്‍ മഴവീണ് തീയണയാതെ മരച്ചില്ലകളെ ബന്ധിപ്പിച്ച് സുരക്ഷിത ഉയരത്തില്‍ കൂടെ കൊണ്ടുവന്നിരുന്ന ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടാനുള്ള തത്രപ്പാടിലായി.

സമയം വൈകിയിരിക്കുന്നു. പോരാത്തതിനു മൂടിക്കെട്ടിയ ആകാശവും. അപ്പോഴേയ്ക്കും കാര്‍മേഘങ്ങള്‍ മൂടിയ ആകാശത്തുനിന്ന് പ്രകൃതിയുടെ കണ്ണീരെന്നോണം മഴത്തുള്ളികള്‍ വല്ലാത്ത ഒരാരവത്തോടെ നിലത്താഞ്ഞു പതിച്ചു തുടങ്ങി. നിറുത്തില്ലാതെ പെയ്ത തുള്ളികള്‍ മണ്ണില്‍ വീണ് ചെറിയ ചാലുകളായി കുത്തിയൊഴുകാന്‍ തുടങ്ങി. ശരീരാവശിഷ്ടങ്ങള്‍ കത്തുന്ന ചിതയിലേയ്ക്ക് ഒഴുകിയെത്താതെ ചാലുകള്‍ കീറി പെയ്ത്തുവെള്ളം വഴി തിരിച്ചുവിടേണ്ടിയിരിക്കുന്നു.

നേരം ഇരുട്ടുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. ഇനിയും താമസിച്ചാല്‍ നിത്യപരിചയമുള്ളവര്‍ക്കുകൂടി കാട്ടിലൂടെയുള്ള യാത്ര സുരക്ഷിതമല്ലതന്നെ. ഇരുട്ടില്‍ കാടിനെ വിശ്വസിക്കാനാവില്ല. അത് തിരിച്ചറിയാനാകാത്ത വാരിക്കുഴികള്‍ ഒരുക്കിവയ്ക്കും. എത്രയും വേഗം ക്യാമ്പ് ഷെഡ്ഡില്‍ തിരികെയെത്തണം. ഒടുങ്ങാത്ത സ്‌തോഭവും ചെമ്മണ്ണുനിറഞ്ഞ ചെന്നിയില്‍ നീരൊലിച്ച പാടുകളും വന്യമായ കരുത്തുമായി അടുത്ത ഇണ(ര)യെ അന്വേഷിച്ചലയുന്ന ഒരു കാട്ടുകൊമ്പന്റെ പടുകൂറ്റന്‍ മസ്തകം ചുറ്റിലെമ്പാടുമുള്ള ഇലച്ചാര്‍ത്തുകള്‍ക്കുള്ളില്‍നിന്നും എപ്പോള്‍ വേണമെങ്കിലും മുന്നിലേയ്ക്ക് തെളിഞ്ഞേക്കാമെന്ന ഭ്രമചിന്തകളില്‍ ഉള്ളകം നടുങ്ങി. അനുനിമിഷം ഏറിവരുന്ന ഹൃദയസ്പന്ദനങ്ങളുടെ ആവൃത്തി ഇരുകാലുകളിലേയ്ക്കും പടര്‍ന്നെത്തുന്നതും അവയ്ക്ക് വേഗം കൂടുന്നതും അപ്പോള്‍ ഞാനറിഞ്ഞു!.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍