കൂടെ താമസിച്ചിരുന്നയാളെ തലയ്ക്കടിച്ചു കൊന്നു; വീട്ടമ്മ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 08:29 PM  |  

Last Updated: 20th June 2022 08:29 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം


 

പത്തനംതിട്ട: പത്തനംതിട്ട കൂടലില്‍ ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ തലയ്ക്കടിച്ച് കൊന്നു. കൊട്ടാരക്കര സ്വദേശി ശശിധരന്‍പിള്ളയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ രജനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് സംഭവം. കൂടല്‍ നെല്ലിമുരുപ്പ് കോളനിയിലെ രജനിയുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. 

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ രജനിക്കൊപ്പമാണ് ശശിധരന്‍ പിള്ള താമസിച്ചിരുന്നത്. കൊട്ടാരക്കാര നെടുവത്തൂര്‍ സ്വദേശിയായ ഇയാള്‍ നാട് വിട്ട് വന്നതാണ്. ഇന്നലെ മദ്യപിച്ചെത്തിയ ഇയാള്‍ രജനിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് രജനി കമ്പിവടികൊണ്ട് ഇയാളുടെ തലയ്ക്കടിച്ച് വീഴ്ത്തിയത്. 

രാത്രിയോടെ വീട്ടിലെത്തിയ രജനിയുടെ മകനാണ് അടിയേറ്റ നിലയില്‍ കിടന്ന ശശിധരന്‍ പിള്ളയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ അറിയിച്ചു. കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഏത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. 

അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. രാത്രിയില്‍ തന്നെ രജനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഉറക്കഗുളിക കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന തന്നെ ആക്രമിക്കാന്‍ വന്നതുകൊണ്ടാണ് അടിച്ചുവീഴ്ത്തിയതെന്നാണ് രജനിയുടെ മൊഴി. രജനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം ടാറ്റു സ്റ്റുഡിയോയുടെ മറവിൽ ലഹരി വിൽപ്പന; 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ