സ്ത്രീകള്‍ക്കു മുന്‍പില്‍ രാഷ്ട്രീയ കേരളം വാതിലടയ്ക്കുമ്പോള്‍

രാഷ്ട്രീയമായ പ്രാതിനിധ്യം, രാഷ്ട്രീയമായ പങ്കാളിത്തം എന്നീ വാക്കുകള്‍ക്ക് ഏറെ വിശാലമായ അര്‍ത്ഥതലങ്ങളാണുള്ള
സ്ത്രീകള്‍ക്കു മുന്‍പില്‍ രാഷ്ട്രീയ കേരളം വാതിലടയ്ക്കുമ്പോള്‍

തിരു-കൊച്ചി രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരിക്കുമ്പോഴായിരുന്നു ഐക്യകേരളം രൂപീകരിക്കപ്പെടുന്നത്. സംസ്ഥാനങ്ങളെ പുന:സംഘടിപ്പിച്ച ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം പുതുതായി രൂപീകരിച്ച കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 1957 ജനുവരി 28-നാണ് തെരഞ്ഞെടുപ്പുകള്‍ക്കു തുടക്കമായത്. ഏപ്രില്‍ അഞ്ചിനു ഐക്യകേരളത്തില്‍ ആദ്യ ഗവണ്‍മെന്റ് കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ അധികാരമേറ്റു. 12 ദ്വയാംഗമണ്ഡലങ്ങളിലുള്‍പ്പെടെ 126 സീറ്റുകളിലായിരുന്നു വോട്ടെടുപ്പു നടന്നത്. അന്ന് അധികാരമേറ്റ് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പതിനൊന്നംഗ മന്ത്രിസഭയില്‍ ഏക വനിതയായിരുന്നു കെ.ആര്‍. ഗൗരി. 

ആറു വനിതകളായിരുന്നു അന്ന് നിയമസഭയില്‍ എത്തിയത്. ഭരണകക്ഷിയായ സി.പി.ഐയേയും പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനേയും പ്രതിനിധീകരിച്ച് മൂന്നുപേര്‍ വീതം. 

ഏറ്റവുമൊടുവില്‍ 2016-ല്‍ എട്ടു വനിതകളാണ് നിയമസഭയിലെത്തിയത്. പിന്നീട് യു.ഡി.എഫിനെ പ്രതിനിധീകരിച്ച് ഒരു സ്ത്രീയും ഇരുമുന്നണികളേയും ബി.ജെ.പി മുന്നണിയേയും പ്രതിനിധാനം ചെയ്ത് നൂറിലധികം പേര്‍ തെരഞ്ഞെടുപ്പു ഗോദയിലിറങ്ങിയെങ്കിലും പെണ്‍കരുത്ത് കാര്യമായി ഫലങ്ങളില്‍ പ്രതിഫലിച്ചില്ല. നിയമസഭാ സീറ്റുകളുടെ എണ്ണം 140 ആകുകയും ചെയ്തു. എന്നാല്‍, ഇദംപ്രഥമമായി രണ്ടു വനിതകള്‍ മന്ത്രിമാരായി. ജെ. മേഴ്‌സിക്കുട്ടിയമ്മയും കെ.കെ. ശൈലജയും. ഇരുവരും അവരെ ഏല്പിച്ച ദൗത്യങ്ങള്‍ പുരുഷന്മാരായ മറ്റു സഹപ്രവര്‍ത്തകരേക്കാള്‍ വിജയകരമായി നിര്‍വ്വഹിക്കുകയും ചെയ്തു. നമ്മുടെ പൊതുജനാരോഗ്യത്തിനു പകര്‍ച്ചവ്യാധികള്‍ വലിയ ഭീഷണി ഉയര്‍ത്തിയ അസാധാരണമായ സാഹചര്യത്തില്‍ മന്ത്രിയെന്ന നിലയില്‍ കെ.കെ. ശൈലജ കൈകാര്യം ചെയ്ത രീതി ലോകമെമ്പാടും ശ്ലാഘിക്കപ്പെട്ടു. വീട്ടുകാര്യങ്ങള്‍ മാത്രമല്ല, നാട്ടുകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ മിക്കപ്പോഴും മികവു പുലര്‍ത്തുന്നുവെന്നതിനു ഉത്തമ നിദര്‍ശനമായി പ്രതിസന്ധിഘട്ടത്തില്‍ ശൈലജ കേരളത്തിനു നല്‍കിയ നിര്‍ണ്ണായക നേതൃത്വം. 

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എസ്‌യുസിഐ സ്ഥാനാർത്ഥി എ സബൂറ തന്റെ പോസ്റ്റർ പതിപ്പിക്കുന്നു. അരികെ സഹായിയായി അവരുടെ മകൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എസ്‌യുസിഐ സ്ഥാനാർത്ഥി എ സബൂറ തന്റെ പോസ്റ്റർ പതിപ്പിക്കുന്നു. അരികെ സഹായിയായി അവരുടെ മകൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം 

'അധികാരം കൊയ്യണമാദ്യം' എന്ന ഇടശ്ശേരിയുടെ വരികളെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ഇടപെടലായിരുന്നു കല്‍ക്കത്താ തീസിസിനു ശേഷമുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലുള്ള പ്രധാന സംഭവവികാസമായി കണക്കാക്കപ്പെടുന്ന കേരളത്തിലെ ആദ്യ ഗവണ്‍മെന്റ്. യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രാതിനിധ്യം എന്ന സംഗതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നുള്ളതു കൂടിയായിരുന്നു തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനം. ഇന്ത്യയിലെ കര്‍ഷക-തൊഴിലാളി വര്‍ഗ്ഗത്തിനും ഇടത്തരം ജനവിഭാഗങ്ങള്‍ക്കും സാമൂഹികമായി പിന്നാക്കമോ ദുര്‍ബ്ബലമോ ആയ വിഭാഗങ്ങള്‍ക്കും പാര്‍ലമെന്ററി വേദികളില്‍ പ്രാതിനിധ്യം ഉണ്ടാകേണ്ടതുണ്ട് എന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. വെളുത്ത സായ്പില്‍ നിന്നും കറുത്ത സായ്പിലേക്കുള്ള അധികാരക്കൈമാറ്റമായി ആദ്യകാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെ ചുരുക്കിക്കണ്ട തീവ്രരാഷ്ട്രീയത്തിന്റെ പിടിയില്‍നിന്നും വിമുക്തമായി ഭരണഘടനാനുസൃതമായ ജനായത്തവാഴ്ചയില്‍ സാധ്യതകള്‍ അന്വേഷിക്കപ്പെട്ടതിന്റെ ഫലമായിരുന്നു അത്. എന്നാല്‍, സാമ്പത്തികവര്‍ഗ്ഗങ്ങളുടേയും വിവിധ സാമൂഹ്യവിഭാഗങ്ങളുടേയും ഭരണതലത്തിലെ പ്രാതിനിധ്യത്തിന്റേയും പങ്കാളിത്തത്തിന്റേയും പ്രാധാന്യം തിരിച്ചറിയുന്ന ഇടതുപക്ഷ രാഷ്ട്രീയം പോലും സ്ത്രീകളെ നിയമസഭയിലേക്കു മത്സരിപ്പിക്കുന്നതിനും സംസ്ഥാനഭരണത്തില്‍ അവര്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിലും ഉദാസീനരാണ് എന്നത് ഖേദകരമാണ്.

രാഷ്ട്രീയമായ പ്രാതിനിധ്യം, രാഷ്ട്രീയമായ പങ്കാളിത്തം എന്നീ വാക്കുകള്‍ക്ക് ഏറെ വിശാലമായ അര്‍ത്ഥതലങ്ങളാണുള്ളത്. കേരളത്തില്‍ വോട്ടുചെയ്യാനെത്തുന്നവരില്‍ സ്ത്രീകളുടെ എണ്ണം പൊതുവേ വലിയ തോതിലുണ്ടാകാറുണ്ട്. എന്നാല്‍, രാഷ്ട്രീയമായ തീരുമാനങ്ങളെടുക്കുന്നതിലുള്ള സജീവമായ പങ്കാളിത്തം എന്ന രീതിയില്‍ വോട്ടെടുപ്പിലെ ഈ പങ്കാളിത്തം പരിവര്‍ത്തനം ചെയ്യപ്പെടാറില്ല. കേരളത്തില്‍ വോട്ടെടുപ്പില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പൊതുവേ വലതുപക്ഷത്തിനു അനുകൂലമായ ഫലങ്ങളാണ് സൃഷ്ടിക്കാറുള്ളത്. എന്നാല്‍, വോട്ടെടുപ്പില്‍നിന്നും ജനാധിപത്യസ്ഥാപനങ്ങളിലെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്ന അവസ്ഥ സംജാതമായാല്‍ സ്ത്രീസമൂഹത്തിന്റെ രാഷ്ട്രീയബോധത്തിലും മാറ്റമുണ്ടാകാം. എന്നാല്‍, ഇതു കാലം കൊണ്ടും ക്രമേണയും സംഭവിക്കുന്ന ഒന്നാകയാല്‍ പുരോഗമന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുപോലും ഇക്കാര്യത്തില്‍ വലിയ താല്പര്യം കാണാറില്ല. 

'വോട്ടവകാശം' എന്നതുമായി മാത്രമല്ല, തീരുമാനമെടുക്കല്‍ പ്രക്രിയ, രാഷ്ട്രീയ ആക്ടിവിസം, രാഷ്ട്രീയ അവബോധം മുതലായവയുമായി കൂടി ബന്ധപ്പെട്ട പദങ്ങളാണ് പങ്കാളിത്തം എന്നതും പ്രാതിനിധ്യം എന്നതും. നമ്മുടെ രാജ്യത്ത് വോട്ടിംഗില്‍ പ്രതിഫലിക്കുന്ന തോതിലുള്ള സ്ത്രീപങ്കാളിത്തം തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ പൊതുവേ കാണാറില്ല. രാഷ്ട്രീയ പാര്‍ട്ടികളിലും ജനാധിപത്യ സ്ഥാപനങ്ങളിലും അവര്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ താഴ്ന്ന നിലകളിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയത്തില്‍ സ്ത്രീ പങ്കാളിത്തത്തിന്റെ നിലവാരവും രൂപവും പ്രധാനമായും നിര്‍ണ്ണയിക്കുന്നതില്‍ അക്രമത്തിനും വിവേചനത്തിനും നിരക്ഷരതയ്ക്കും പങ്കുണ്ട്. അവ സൃഷ്ടിക്കുന്ന സാംസ്‌കാരികവും സാമൂഹികവുമായ യാഥാര്‍ത്ഥ്യങ്ങളാണ് ജനാധിപത്യസ്ഥാപനങ്ങളിലെ  ഭരണതലത്തിലെ സ്ത്രീപങ്കാളിത്തത്തിനും പ്രാതിനിധ്യത്തിനും വിഘാതമാകുന്നത്. അതേസമയം, രാഷ്ട്രീയ ആക്ടിവിസവും വോട്ടിംഗും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തിന്റെ ഏറ്റവും ശക്തമായ മേഖലകളായിരിക്കുകയും ചെയ്യുന്നു. 

രാഷ്ട്രീയ ആക്ടിവിസം സ്ത്രീകള്‍ക്കിടയ്ക്ക് ഏറെ ശക്തമാണ് കേരളത്തില്‍. തൃണമൂല തലത്തിലുള്ള പ്രവര്‍ത്തനങ്ങളിലും പ്രക്ഷോഭമുഖങ്ങളിലും അവരുടെ സാന്നിധ്യം ഒരു തീജ്വാല കണക്കേ പടരാറുണ്ട്. വിദ്യാര്‍ത്ഥിസമരങ്ങളില്‍ തൊട്ട് മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ വരെ നടത്തിയ സമരങ്ങളില്‍ അവരുടെ കരുത്ത് ദൃശ്യമായതാണ്. ഭരണഘടനാപരമായ സംവരണം വലിയ തോതില്‍ അനുവദിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുഖമില്ലാത്ത ഫ്‌ലക്‌സ് ചിത്രങ്ങളായോ ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഭാര്യയെന്ന ലേബലിലോ ഒക്കെയാണ് അവതരിപ്പിക്കപ്പെടാറുള്ളതെങ്കിലും സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബാധ്യസ്ഥരാകയാല്‍ സ്ത്രീകള്‍ ധാരാളം മത്സരരംഗത്തുണ്ടാകാറുണ്ട്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പതിനൊന്നായിരത്തോളം സ്ത്രീകളാണ് തെരഞ്ഞെടുക്കപ്പെട്ടത് അറുന്നൂറില്‍പ്പരം സ്ത്രീകള്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിലെത്തുകയും ചെയ്തിട്ടുണ്ട്. നിയമപരമായ നിബന്ധന ഒന്നുകൊണ്ടു മാത്രമാണ് അതു സംഭവിച്ചത് എന്ന് ഉറപ്പായും പറയാം. വിശേഷിച്ചും ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ തോതില്‍ സ്ത്രീ പ്രാതിനിധ്യം സ്വമേധയാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അനുവദിക്കാതിരുന്നതുകൂടി കണക്കിലെടുക്കുമ്പോള്‍. നിയമപരമായി അത്തരത്തില്‍ നിഷ്‌കര്‍ഷകള്‍ ഒന്നും ഇല്ലാത്ത അവസ്ഥയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിലെ ദു:സ്ഥിതിയാകും സംജാതമാകുക എന്ന് ഉറപ്പിച്ചു പറയാനാകും. കേരളത്തിലെ സ്ത്രീകള്‍ ഭരണതലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരാണ്. ആദ്യത്തെ റവന്യൂ-നിയമ-സാമൂഹ്യക്ഷേമ വകുപ്പുമന്ത്രിയായിരുന്ന കെ.ആര്‍. ഗൗരിയമ്മ തൊട്ട് നിപയും കൊവിഡും പടര്‍ന്നുപിടിച്ച കാലത്ത് ലോകശ്രദ്ധ നേടിയ ഭരണനൈപുണ്യം പ്രദര്‍ശിപ്പിച്ച കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവര്‍ ഉദാഹരണം. ലോകത്തിന്റെ ഏതൊരു ഭാഗത്തും സ്ത്രീകളുടെ അധികാരലബ്ധിയുണ്ടായാലും അവരുടെ ഭരണനൈപുണി വാഴ്ത്തപ്പെട്ടാലും മലയാളികള്‍ അതില്‍ അഭിമാനം പ്രകടിപ്പിക്കാറുണ്ട്. കൊവിഡ് കാലത്തെ നടപടികള്‍കൊണ്ട് മന്ത്രി ശൈലജയെപ്പോലെ ന്യൂസിലാന്‍ഡിന്റെ ഭരണാധികാരിയുടെ മികവ് വാഴ്ത്തപ്പെട്ടപ്പോഴും കമലാ ഹാരിസ് വൈസ് പ്രസിഡന്റായപ്പോഴും ന്യൂസിലാന്‍ഡില്‍ പ്രിയങ്കാ രാധാകൃഷ്ണന്‍ മന്ത്രിയായപ്പോഴും നാം ഇതു കണ്ടതാണ്. 

ഇത്തവണ സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ പുരുഷന്മാരേക്കാള്‍ 8.27 ലക്ഷം കൂടുതല്‍ വരും സ്ത്രീകളുടെ എണ്ണം. സംസ്ഥാന നിയമസഭയിലെ 140 സീറ്റുകളിലേക്ക് മൂന്ന് പ്രധാന മുന്നണികള്‍ നിര്‍ത്തുന്ന 420-ഓളം സ്ഥാനാര്‍ത്ഥികളില്‍ ആകെ 38 സ്ഥാനാര്‍ത്ഥികളാണ് സ്ത്രീകള്‍. വെറും ഒന്‍പത് ശതമാനം മാത്രം. അതായത് ജനസംഖ്യാനുപാതികമായിട്ടാണെങ്കില്‍ 140 അംഗങ്ങളുള്ള നിയമസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളും നിയമസഭാംഗങ്ങളും ഭൂരിപക്ഷവും സ്ത്രീകളായിരിക്കേണ്ടതാണ്. മുന്‍കാലങ്ങളിലും നിയമസഭയിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ശോചനീയ സ്ഥിതിയാണ് ഉണ്ടായിരുന്നത്.  ഒരേയൊരു തവണ മാത്രമാണ് സംസ്ഥാന നിയമസഭയില്‍ സ്ത്രീകളുടെ എണ്ണം രണ്ടക്കത്തിലെത്തുന്നത്. 13 സ്ത്രീകള്‍ ജയിച്ചുകയറിയ 1996-ലെ തെരഞ്ഞെടുപ്പിലാണത്. ഒരേയൊരു സ്ത്രീയെ മാത്രം നിയമസഭയിലേക്കയച്ച തെരഞ്ഞെടുപ്പുകളും ഉണ്ടായിട്ടുണ്ട്. കെ.ആര്‍. ഗൗരിയമ്മയെ തെരഞ്ഞെടുത്ത 1967-ലെ തെരഞ്ഞെടുപ്പും ഭാര്‍ഗവി തങ്കപ്പനെ നിയമസഭയിലേക്കയച്ച  1977-ലെ തെരഞ്ഞെടുപ്പും. 1970-ല്‍ ഗൗരിയമ്മയ്‌ക്കൊപ്പം പെണ്ണമ്മ ജേക്കബ് മാത്രമായിരുന്നു ജയിച്ചു കയറിയത്. ഇപ്പോഴത്തെ നിയമസഭയില്‍ ഭരണപക്ഷമായ ഇടതുമുന്നണിയില്‍ എട്ടു വനിതാ എം.എല്‍.എമാരുണ്ടെങ്കില്‍ ഒരേയൊരു വനിതാ എം.എല്‍.എ മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. അതും അരൂരില്‍ ഭരണകക്ഷി എം.എല്‍.എയായ ആരിഫ് രാജിവെച്ച ഒഴിവില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചതോടെ. നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളിലും അഞ്ചുശതമാനത്തില്‍ താഴെ മാത്രമാണ് സ്ത്രീപങ്കാളിത്തം ഉണ്ടായിരുന്നത്. 

മന്ത്രിസഭാതലത്തില്‍ സ്ഥിതി ഇതിലും പരിതാപകരമാണ്. 1957-നുശേഷം ഇതുവരെയുള്ള 13 നിയമസഭകളുടെ കാലത്ത് അധികാരത്തിലേറിയ 21 മന്ത്രിസഭകളില്‍ ഒന്‍പതെണ്ണത്തില്‍ സ്ത്രീകളേ ഉണ്ടായിരുന്നതേയില്ല. 12 മന്ത്രിസഭകളില്‍ ഓരോ സ്ത്രീ വീതം ഉണ്ടായിരുന്നെങ്കിലും കേരളത്തില്‍ ആകെ മന്ത്രിമാരായ സ്ത്രീകളുടെ എണ്ണം ആറുമാത്രം. കെ.ആര്‍. ഗൗരിയമ്മ (1957, 1967, 1980, 1987, 2001, 2004), എം. കമലം (1982), എം.ടി. പത്മ (1991, 1995), സുശീലാഗോപാലന്‍ (1996), പി.കെ. ശ്രീമതി (2006), പി.കെ. ജയലക്ഷ്മി (2011) എന്നിവരാണ് ഇവര്‍. കെ.ആര്‍. ഗൗരിയമ്മ ആറു മന്ത്രിസഭകളിലും എം.ടി. പത്മ രണ്ടു മന്ത്രിസഭകളിലും അംഗമായി. മറ്റുള്ളവര്‍ ഓരോ തവണ മാത്രം മന്ത്രിമാരായി. എന്നാല്‍, കഴിഞ്ഞ ഇടതുമന്ത്രിസഭയില്‍ ആദ്യമായി രണ്ടു വനിതാമന്ത്രിമാര്‍ കേരളത്തിലുണ്ടായി. കഴിഞ്ഞ മുഴുവന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലുമായി ഏറ്റവും കൂടുതല്‍ വനിതാ എം.എല്‍.എമാരുണ്ടായതും ഇടതുപക്ഷത്തുനിന്നാണ്. തീര്‍ത്തും അപര്യാപ്തമാണ് ഈ സംഖ്യ എങ്കിലും. 

കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്ര സ്, സി.പി.ഐ.എം, മുസ്‌ലിംലീഗ്, കേരളാ കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ സ്ത്രീകളോടു സ്വീകരിക്കുന്ന ഈ സമീപനം ഏറെക്കുറെ സമാനമാണ്. ഒരു ഉത്പതിഷ്ണുസമൂഹമെന്നും പുരോഗമന കാഴ്ചപ്പാടുള്ളവരെന്നും സ്വയം ഭേരിയടിക്കുന്ന ജനതയാണ് കേരളത്തിലേത് എന്നുകൂടി കണക്കിലെടുക്കുമ്പോള്‍ ഈ ഇരട്ടത്താപ്പ് എത്രമാത്രം കുറ്റകരമാണ് എന്നും കാണാം. ഇടതുപക്ഷം പേരിനെങ്കിലും സ്ത്രീപ്രാതിനിധ്യത്തിനു ഊന്നല്‍ നല്‍കുമ്പോള്‍ മറ്റു പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഒരു താല്പര്യവും കാണിക്കാറില്ല. രണ്ടു വ്യാഴവട്ടത്തിനുശേഷമാണ് കേരളത്തിലെ വലതുമുന്നണിയിലെ ഏറ്റവും വലിയ കക്ഷികളിലൊന്നായ മുസ്‌ലിംലീഗ് ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. 

വോട്ടര്‍മാരില്‍ ഭൂരിപക്ഷം സ്ത്രീകളാണ് എന്നിരിക്കിലും ആ വിഭാഗത്തിനു പത്തിലൊന്നു നീക്കിവെയ്ക്കാന്‍പോലും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല എന്നാണ് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ പകുതിയില്‍വെച്ച് ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം വിഭാവനം ചെയ്യുന്ന ബില്ലിനെ പിന്താങ്ങിയവരാണ് സി.പി.ഐ.എം ഉള്‍പ്പെടുന്ന ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ്സും. 

ഇതുവരെ കേരളത്തിലുണ്ടായ രണ്ടായിരത്തോളം എം.എല്‍.എമാരില്‍ സ്ത്രീകളുടെ എണ്ണം 90 മാത്രമായിരുന്നു. സംസ്ഥാനത്ത് ഇതുവരെ എട്ട് വനിതാ മന്ത്രിമാര്‍ മാത്രമാണ് ഉണ്ടായത്. തൊട്ടയല്‍സംസ്ഥാനമായ തമിഴ്നാടിനുവരെ വനിതാ മുഖ്യമന്ത്രിമാരുണ്ടായി എന്നവകാശപ്പെടാനാകുമ്പോള്‍ കേരളത്തില്‍ വനിതാ മുഖ്യമന്ത്രിമാരേ ഉണ്ടായില്ല. മന്ത്രിയെന്ന നിലയില്‍ മികവു തെളിയിച്ച കെ.കെ. ശൈലജയെ ആരോ മുഖ്യമന്ത്രിസ്ഥാനത്തേക്കു ഉയര്‍ത്തിക്കാണിച്ചപ്പോള്‍ അവര്‍ തന്നെ ആ പ്രചരണത്തിന്റെ മുനയൊടിച്ചുകളയുന്നതാണ് കണ്ടത്. ഒരു തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് നേതാവ് കെ.ആര്‍. ഗൗരിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി അണികളും ജനവും ഉയര്‍ത്തിക്കാട്ടിയെങ്കിലും നേതൃത്വത്തിനു അതു സ്വീകാര്യമല്ലായിരുന്നു. 

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി താന്‍ ഏറ്റുമാനൂരില്‍ മത്സരിക്കുമെന്ന് ലതികാ സുഭാഷ് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരെ സന്ദര്‍ശിച്ച ശോഭനാ ജോര്‍ജ് എന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് ചോദിച്ച ഒരു ചോദ്യമുണ്ട്. സ്ത്രീയുടെ പ്രതിബദ്ധതയ്ക്കും ത്യാഗത്തിനും ഒരു വിലയുമില്ലേ എന്നായിരുന്നു അവര്‍ ചോദിച്ചത്. അടുക്കളക്കാര്യങ്ങള്‍ തൊട്ട് വരുമാനം നേടുന്നതുവരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനിടയ്ക്കാണ് സ്ത്രീ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുന്നത്. നിര്‍ഭാഗ്യവശാല്‍, ഈ വസ്തുതകള്‍ കണ്ടെന്നു നടിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് വിമുഖതയുണ്ട്. 

ദ്രാവിഡപ്പഴമകളില്‍ പാടിപ്പുകഴ്ത്തപ്പെട്ട കണ്ണകിയുടേയും പത്തിനി ദേവിയുടേയും നാടാണ് കേരളം. അമ്മ ദൈവാരാധനയ്ക്കും മാതൃദായക്രമത്തിനും സ്ഥാനമുള്ള സമൂഹമായിരുന്നു നമ്മുടേത്. കുടുംബത്തിലും സമൂഹത്തിലും ഭരണകൂടത്തിലും പോര്‍മുഖങ്ങളിലും പെണ്ണ് കരുത്തേറിയ സാന്നിധ്യമായിരുന്നു. എന്നാല്‍, സ്ത്രീ ആധുനിക വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും നേടിയ ഈ കാലത്ത് രാഷ്ട്രീയ-ഭരണ മണ്ഡലങ്ങളില്‍ അവള്‍ക്കു തുല്യസ്ഥാനം നിഷേധിക്കുന്നത് ഒരു പുരോഗമന സമൂഹമെന്ന നിലയില്‍ നമുക്കൊട്ടും ഭൂഷണമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com