അരനൂറ്റാണ്ടിനുശേഷം പോരിന് മങ്കമാര്‍ ; മനസ്സ് തുറക്കാതെ കായംകുളം 

എക്കാലത്തും വ്യക്തമായ രാഷ്ട്രീയനിലപാടുള്ള മണ്ഡലമാണ് കായംകുളം
അരനൂറ്റാണ്ടിനുശേഷം പോരിന് മങ്കമാര്‍ ; മനസ്സ് തുറക്കാതെ കായംകുളം 

കായംകുളം നാട്ടുകാരുടെ എല്‍സമ്മയെ തുണയ്ക്കുമോ?, അതോ 'പ്രതിഭാ'സ്പര്‍ശം തുടരുമോ ?. സസ്‌പെന്‍സ് കൈവിടാതെ മനസ്സില്‍ കൂട്ടിയും കിഴിച്ചും കണക്കുകൂട്ടലുകള്‍ നടത്തുകയാണ് കൊച്ചുണ്ണിയുടെ നാട്ടുകാര്‍. മുതിര്‍ന്ന നേതാക്കള്‍ അങ്കംവെട്ടിയ മണ്ഡലത്തില്‍ ഇത്തവണ രണ്ടു യുവമങ്കമാര്‍ അണിനിരന്നതോടെ പൊരിഞ്ഞ പോരാണ് കായംകുളത്ത് നടക്കുന്നത്. 

മണ്ഡലം രൂപീകരിച്ച 1957 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും വനിതകളെയാണ് സ്ഥാനാര്‍ത്ഥികളാക്കിയത്. കോണ്‍ഗ്രസിന്റെ സരോജിനിയെ തോല്‍പ്പിച്ച് സിപിഐയുടെ കെ ഒ അയിഷാബായ് ആദ്യ എംഎല്‍എയുമായി. പിന്നീട് അരനൂറ്റാണ്ടിന് ശേഷമാണ് വീണ്ടും വനിതകള്‍ തമ്മില്‍ മല്‍സരത്തിനിറങ്ങുന്നത്. 

യു പ്രതിഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ / ഫെയ്‌സ്ബുക്ക്‌
യു പ്രതിഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ / ഫെയ്‌സ്ബുക്ക്‌

വികസനക്കരുത്തില്‍ രണ്ടാമൂഴം തേടി

മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ കരുത്തില്‍ രണ്ടാമൂഴം തേടിയാണ് സിപിഎമ്മിന്റെ യു പ്രതിഭ വീണ്ടും മല്‍സരരംഗത്തിറങ്ങിയത്. സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ അടക്കമുള്ള ജനകീയപ്രവര്‍ത്തനങ്ങളും ഇടതു കുതിപ്പിന് കരുത്താകുമെന്ന് പ്രതിഭ പറയുന്നു. മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതകള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഇടതുക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

പാര്‍ട്ടിക്കകത്ത് ഒരു പ്രശ്‌നവുമില്ല. രാഷ്ട്രീയവും വികസനവും ചര്‍ച്ച ചെയ്യാനില്ലാത്തതിനാല്‍ പ്രതിപക്ഷത്തിന്റെ അപവാദ പ്രചാരണമാണത് എന്നാണ് പ്രതിഭ പറയുന്നത്. അഞ്ച് വര്‍ഷമായി കായംകുളത്തുകാരിലൊരാളായിട്ടാണ് താന്‍ ജീവിക്കുന്നതെന്നും പ്രാദേശിക വാദമുയര്‍ത്തുന്നവര്‍ക്ക് മറുപടിയായി ഇടതുസ്ഥാനാര്‍ത്ഥി ചൂണ്ടിക്കാട്ടുന്നു. 

അരിത ബാബു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ / ഫെയ്‌സ്ബുക്ക്‌
അരിത ബാബു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ / ഫെയ്‌സ്ബുക്ക്‌

കൈ പിടിക്കാന്‍ 'പാല്‍ക്കാരി പെണ്‍കുട്ടി' 

പ്രതിഭയെ നേരിടാന്‍ കോണ്‍ഗ്രസ്, 'പാല്‍ക്കാരി പെണ്‍കുട്ടി' അരിത ബാബുവിനെ കളത്തിലിറക്കിയതോടെയാണ് കായംകുളം സംസ്ഥാന ശ്രദ്ധയിലേക്കെത്തുന്നത്. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇളമുറക്കാരിയെ യുഡിഎഫ് രംഗത്തിറക്കിയത്. പുലര്‍ച്ചെ നാലിനെഴുന്നേറ്റ് പശുപരിപാലനത്തില്‍ അച്ഛനെ സഹായിച്ച്, സൊസൈറ്റിയില്‍ പാലുമെത്തിച്ച ശേഷമാണ് അരിത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ കായംകുളത്തുകാരി സ്ഥാനാര്‍ത്ഥിയാവുന്നത്. നാട്ടുകാരുടെ പ്രാര്‍ത്ഥനയും പിന്തുണയുമുണ്ടെന്നാണ് വിശ്വാസമെന്നും അരിത പറയുന്നു. 

15 വര്‍ഷത്തോളമായി വിദ്യാര്‍ത്ഥി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്തുണ്ട് അരിത ബാബു. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. 2015 ല്‍ കൃഷ്ണപുരം ഡിവിഷനില്‍ നിന്നും വിജയിച്ച് ജില്ലാ പഞ്ചായത്ത് അംഗമായിട്ടുണ്ട്. അന്നു ലഭിച്ച യുവപരിവേഷം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുന്നപ്ര ഡിവിഷനില്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം പത്രിക പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ആലപ്പുഴയിലെത്തിയപ്പോഴേക്കും പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. 

അരിത ബാബു, രമേശ് ചെന്നിത്തലയ്ക്കും രാഹുല്‍ഗാന്ധിക്കുമൊപ്പം / ട്വിറ്റര്‍
അരിത ബാബു, രമേശ് ചെന്നിത്തലയ്ക്കും രാഹുല്‍ഗാന്ധിക്കുമൊപ്പം / ട്വിറ്റര്‍

പിന്നീട് സാങ്കേതികമായി സ്ഥാനാര്‍ത്ഥിയായി. മല്‍സരരംഗത്തുനിന്നും പിന്മാറിയിട്ടും ആയിരത്തോളം വോട്ടു കിട്ടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാണ് അരിത ബാബു. 

ജാതി വോട്ടുകളില്‍ കണ്ണുനട്ട് എന്‍ഡിഎ

ഈഴവസമുദായത്തിന് സ്വാധീനമേറെയുള്ള കായംകുളത്ത് ബിഡിജെഎസ് ആണ് എന്‍ഡിഎ സഖ്യത്തില്‍ മല്‍സരിക്കുന്നത്. എസ്എന്‍ഡിപി യോഗം കായംകുളം യൂണിയന്‍ സെക്രട്ടറിയായ പി പ്രദീപ് ലാലാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ മുക്കാല്‍ ലക്ഷത്തോളം എസ്എന്‍ഡിപി വോട്ടുകളിലാണ് ബിഡിജെഎസിന്റെ കണ്ണ്. 

പ്രദീപ് ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ / ഫെയ്‌സ്ബുക്ക്‌
പ്രദീപ് ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ / ഫെയ്‌സ്ബുക്ക്‌


മുന്നണികളുടെ പ്രതീക്ഷകള്‍

എക്കാലത്തും വ്യക്തമായ രാഷ്ട്രീയനിലപാടുള്ള മണ്ഡലമാണ് കായംകുളം. ഇതിനെയും വലതിനെയും ജയിപ്പിച്ച മണ്ഡലം പ്രമുഖരെ തോല്‍പ്പിച്ചിട്ടുമുണ്ട്. കുറെനാളായി വലത്തുമാറാതെ ഇടത്തോട്ടു തന്നെയാണ് കായംകുളത്തെ രാഷ്ട്രീയചായ്വ്. മൂന്ന് ടേം തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിച്ചു.

കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടായ ലോക്‌സഭ തെരഞ്ഞെടുപ്പിലും തുടര്‍ന്നവന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലീഡ് നേടാനായി. പരമ്പരാഗതമായി കൂടെ നില്‍ക്കുന്ന പഞ്ചായത്തുകളോടൊപ്പം നഗരസഭയെയും കൂടെ നിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. 2016 ല്‍ 11857 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു പ്രതിഭ കായംകുളത്ത് വിജയിച്ചത്. 

അതേസമയം മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം ചെട്ടികുളങ്ങര പഞ്ചായത്തുകൂടി മണ്ഡലത്തോട് ചേര്‍ന്നത് യുഡിഎഫിന് തിരിച്ചടിയായി. ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്. മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. എന്നാല്‍ അരിതയുടെ കര്‍ഷക ഇമേജിലൂടെ, കോട്ടം നികത്തി മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 

തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വോട്ട് ഉയരുന്നത് എന്‍ഡിഎയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 20,000വോട്ടാണ് ബിഡിജെഎസിലെ ഷാജി പണിക്കര്‍ നേടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് 34000 ആയി. ഇത്തവണ അത് അരലക്ഷത്തിനും മുകളിലേക്ക് ഉയര്‍ത്താനാകുമെന്ന് എന്‍ഡിഎ ക്യാമ്പ് കണക്കുകൂട്ടുന്നു. ഭരണിക്കാവ്, കണ്ടല്ലൂര്‍ ഒഴികെയുള്ള പഞ്ചായത്തുകളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്നത് എന്‍ഡിഎയ്ക്കും പ്രതിക്ഷ ജനിപ്പിക്കുന്നു. 

2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 72956 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ്  61099 വോട്ടും എന്‍ഡിഎ.20,000 വോട്ടും നേടി. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്. 62370 വോട്ടുനേടി മുന്‍തൂക്കം നിലനിര്‍ത്തി. അതേസമയം ഭൂരിപക്ഷം 11857 ല്‍ നിന്നും 4297 ആയി കുറഞ്ഞു. 

യുഡിഎഫിന് 58073 വോട്ടും, എന്‍ഡിഎയ്ക്ക് 31660 വോട്ടും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചു. അതേസമയം 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 12499 ആയി വര്‍ധിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 69463 വോട്ടും, യുഡിഎഫ് 56964 വോട്ടും, എന്‍ഡിഎ 32748 വോട്ടുമാണ് നേടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com