എസ്എഫ്‌ഐ പ്രതിഷേധ പ്രകടനത്തിനിടെ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ വാഹനത്തിന് നേരെ ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 08:18 PM  |  

Last Updated: 10th January 2022 08:18 PM  |   A+A-   |  

Premachandran

എന്‍കെ പ്രേമചന്ദ്രന്‍ /ഫയല്‍


കൊല്ലം: എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചിനിടെ എന്‍ കെ പ്രമേചന്ദ്രന്‍ എംപിയുടെ വാഹനത്തിന് നേരെ ആക്രമണം. തിങ്കളാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെ ചവറ നല്ലേഴത്തുമുക്കിലായിരുന്നു സംഭവം. ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇടത് സംഘടനകള്‍ പ്രതിഷേധം നടത്തിയത്. 

പാര്‍ട്ടി യോഗത്തിനു പോകുകയായിരുന്ന എംപിയുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍, വടി കൊണ്ടു കാറിന്റെ ബോണറ്റിലും ഗ്ലാസിലും അടിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു കാറിനു വഴിയൊരുക്കിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇടുക്കി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊന്നത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കൊലപാതകതാതില്‍ കലാശിച്ചത്. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.